തെലങ്കാന : വൈഎസ്‌ആര്‍ തെലങ്കാന പാര്‍ട്ടിയുടെ (വൈഎസ്‌ആര്‍ടിപി) സ്ഥാപക പ്രസിഡന്റും ആന്ധ്രപ്രദേശ് മുഖ്യമന്ത്രി വൈ എസ് ജഗന്‍ മോഹന്‍ റെഡ്ഡിയുടെ സഹോദരിയുമായ വൈ എസ് ശര്‍മിളയെ തെലങ്കാനയിലെ വാറങ്കലില്‍ പൊലീസ് അറസ്റ്റ് ചെയ്തു.ഭാരത രാഷ്ട്ര സമിതി പ്രവര്‍ത്തകരുമായി ശര്‍മിളയുടെ പാര്‍ട്ടി പ്രവര്‍ത്തകര്‍ ഏറ്റുമുട്ടിയതിനെ തുടര്‍ന്നാണ് അറസ്റ്റ്. നര്‍സാംപേട്ടിലെ എംഎല്‍എയായ പി സുദര്‍ശന്‍ റെഡ്ഡിക്കെതിരെ ശര്‍മിള നടത്തിയ പരാമര്‍ശത്തില്‍ പ്രകോപിതരായ ബിആര്‍എസ് പ്രവര്‍ത്തകര്‍ ശര്‍മിളയുടെ വാഹനവ്യൂഹത്തിന് നേരെ ആക്രമണം നടത്തുകയും അവരുടെ വാഹനവ്യൂഹത്തിലുണ്ടായിരുന്ന ഒരു ബസടക്കമുള്ള വാഹനങ്ങള്‍ കത്തിക്കുകയും ചെയ്തു.തുടര്‍ന്ന് ബിആര്‍എസ് പ്രവര്‍ത്തകരുമായി ശര്‍മിളയുടെ അനുയായികള്‍ ഏറ്റുമുട്ടി. സംഭവത്തില്‍ ശര്‍മിള ഇടപെട്ടതോടെ അവരെ വാറങ്കല്‍ പൊലീസ് അറസ്റ്റ് ചെയ്തു.