ഉടുമ്പന്‍ചോല: ഗ്രാനൈറ്റ് ഇറക്കുന്നതിനിടെ ദേഹത്തേക്ക് വീണ് രണ്ട് അതിഥി തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം. ഇടുക്കി മയിലാടുംപാറ പൊത്തക്കള്ളിയിലാണ് സംഭവം. കണ്ടെയ്‌നര്‍ ലോറിയില്‍ നിന്നും ഗ്രാനൈറ്റ് മറ്റൊരു ലോറിയില്‍ കയറ്റാനായി പുറത്തിറക്കുന്നതിനിടെയാണ് അപകടം. പശ്ചിമബംഗാള്‍ സ്വദേശികളായ പ്രദീപ് (38), സുധന്‍ (30) എന്നിവരാണ് മരിച്ചത്. ലോറിയില്‍ നിന്നും ഗ്രാനൈറ്റ് ഇറക്കാന്‍ ശ്രമിക്കുന്നതിനിടെ ഒരു വശത്തായി അടുക്കി വെച്ചിരുന്ന ഗ്രാനൈറ്റ് പാളികള്‍ പ്രദീപിന്റെയും സുധന്റെയും ദേഹത്തേക്ക് പതിക്കുകയായിരുന്നു. ഇന്നലെ വൈകുന്നേരം 4.30നാണ് അപകടമുണ്ടായത്. ഇരുവരും തല്‍ക്ഷണം മരിച്ചു. 250 കിലോ ഭാരം വരുന്നതാണ് ഒരു ഗ്രാനൈറ്റ് പാളി. ഇത്തരം 20 ഗ്രാനൈറ്റ് പാളികളാണ് ഇവരുടെ ദേഹത്തേക്ക് പതിച്ചത്. ഇവര്‍ നിന്നിരുന്ന മറുവശത്തും ഗ്രാനൈറ്റ് പാളികള്‍ അടുക്കിയിരുന്നു. ഇതിനിടയില്‍ ഞെരിഞ്ഞ് പ്രദീപിന്റെയും സുധന്റെയും മുഖവും തലച്ചോറും തകര്‍ന്ന് പോയി. ഒന്നര മണിക്കൂറോളം നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവിലാണ് മൃതദേഹം പുറത്തെടുത്തത്. നാട്ടുകാരും നെടുങ്കണ്ടം ഫയര്‍ഫോഴ്‌സും തീവ്രശ്രമം നടത്തിയാണ് മൃതദേഹങ്ങള്‍ പുറത്തെടുത്തത്.