കാസര്‍ഗോഡ്: കാര്‍ നിയന്ത്രണം വിട്ട് മരത്തിലിടിച്ച് അമ്മയും കുഞ്ഞും മരിച്ചു. ദേലംപാടി കൊട്ടിയാടിയിലെ തേങ്ങ വ്യാപാരി സാനുവിന്‍റെ ഭാര്യ ഷാഹിന (35), മകള്‍ ഫാത്തിമത് ഷസ (നാല്) എന്നിവരാണ് മരിച്ചത്. ഇന്നലെ വൈകുന്നേരം 3.45-ന് കേരള-കര്‍ണാടക അതിര്‍ത്തിയായ ദേലംപാടി പരപ്പയില്‍ ആയിരുന്നു അപകടം. കര്‍ണാടക സുള്ള്യയിലെ വിവാഹവിരുന്നില്‍ പങ്കെടുക്കാന്‍ പുത്തൂര്‍ കര്‍ണൂര്‍ ഗോളിത്തടിയില്‍ നിന്ന് യാത്ര പുറപ്പെട്ട കുടുംബമാണ് അപകടത്തില്‍പ്പെട്ടത്. ഗ്വാളിമുഖയില്‍ നിന്ന് പരപ്പയിലെത്തിയപ്പോള്‍ മഴയുണ്ടായിരുന്നു. വേഗതയിലുണ്ടായിരുന്ന കാര്‍ റോഡില്‍ തെന്നിമാറി മരത്തിലിടിക്കുകയായിരുന്നു. കാര്‍ വെട്ടിപ്പൊളിച്ചാണ് അകത്തു കുടുങ്ങിയവരെ പുറത്തെടുത്തത്.
സാനുവിന്‍റെ ഉമ്മ ബീഫാത്തിമ, സഹോദരന്‍ അഷ്റഫ്, സഹോദരന്‍ ഹനീഫയുടെ ഭാര്യ മിസിരിയ, മകള്‍ ആറു വയസുകാരി സഹറ, മറ്റൊരു സഹോദരന്‍ യാക്കൂബിന്‍റെ ഭാര്യ സമീന, മകള്‍ അഞ്ചുവയസുകാരി അല്‍ഫ ഫാത്തിമ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇതില്‍ നാലുപേരുടെ നില ഗുരുതരമാണ്.