വെള്ളനാട്: അപ്രതീക്ഷിതമായി ഓട്ടോ മുന്നോട്ടെടുത്തപ്പോള്‍ വീണ വീട്ടമ്മയെ മദ്ധ്യ വയസ്കന്‍ ചവിട്ടി വീഴ്ത്തി.വെള്ളനാട് ജഗ്ഷനില്‍ ഇന്നലെ ഉച്ചയ്ക്ക് 12ഓടെയായിരുന്നു സംഭവം.വെള്ളനാട് സൈമണ്‍ റോഡ് താമസക്കാരിയായ ശ്രീകുമാരി, മകള്‍ക്ക് ബിരിയാണി വാങ്ങി വീട്ടിലേക്ക് പോകാനായി ഓട്ടോയില്‍ കയറുന്നതിനിടെ ഓട്ടോ അപ്രതീക്ഷിതമായി മുന്നോട്ട് എടുക്കുകയായിരുന്നു.നില തെറ്റി വീണ ഇവരുടെ കൈ തട്ടി മറ്റൊരാളും അനധികൃതമായി വഴിയില്‍ നിറുത്തിയിരുന്ന ബൈക്കും നിലത്ത് വീണു. നിലത്ത് നിന്ന് എണീറ്റ ശ്രീകുമാരി വീണ്ടും ഓട്ടോയില്‍ കയറാന്‍ തുടങ്ങിയപ്പോള്‍ നിലത്ത് വീണ വഴിയാത്രക്കാരനായ മദ്ധ്യ വയസ്കന്‍ ചാടി എണീറ്റ് ശ്രീകുമാരിയെ ചവിട്ടി തള്ളിയിടുകയായിരുന്നു. സംഭവം കണ്ട് ഓടിക്കൂടിയവരെല്ലാം ചേര്‍ന്ന് ചെറിയ കൊണ്ണി സ്വദേശിയായ സുനില്‍നെ (58) തടഞ്ഞു വച്ച് ആര്യനാട് പൊലീസിന് കൈമാറി.