റായഗഡ: ഒഡീഷയില്‍ ഹോട്ടലിന്റെ മൂന്നാം നിലയില്‍ നിന്ന് വീണ് ഒരു റഷ്യന്‍ വിനോദസഞ്ചാരി മരിച്ചു. സഹയാത്രികനെ അതേ ഹോട്ടലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയതിന് രണ്ട് ദിവസത്തിന് ശേഷമാണ് പവേല്‍ ആന്തം എന്ന 65കാരനെ ഞായറാഴ്ച മരിച്ച നിലയില്‍ കണ്ടെത്തിയത്.പവേലിന്റെ സഹയാത്രികനായിരുന്ന വ്ലാദിമര്‍ ബിദനോവിനെ ഈ മാസം 22നാണ് തന്റെ ഹോട്ടല്‍മുറിയില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. ആശുപത്രിയിലെത്തിക്കും മുമ്ബേ മരണം സംഭവിച്ചിരുന്നു. ഹോട്ടല്‍മുറിയില്‍ വ്ലാദിമര്‍ കിടന്നതിനു സമീപം ശൂന്യമായ വൈന്‍ കുപ്പികളും അന്ന് ഉണ്ടായിരുന്നു. റഷ്യന്‍ വിനോദസഞ്ചാരികളുടെ നാലംഗ സംഘത്തിന്റെ ഭാഗമായിരുന്നു വ്‌ളാഡിമിറും പവേലും. അവരുടെ ഗൈഡ് ജിതേന്ദ്ര സിങ്ങിനൊപ്പം ബുധനാഴ്ചയാണ് ഇവര്‍ രായഗഡ ടൗണിലെ ഹോട്ടലില്‍ മുറിയെടുത്തത്. പവേലിന്റെ മരണം ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് പറഞ്ഞു. സുഹൃത്തിന്റെ മരണത്തെത്തുടര്‍ന്ന് പവേല്‍ വിഷാദത്തിലായിരുന്നതായാണ് അറിയാന്‍ കഴിഞ്ഞതെന്നും പൊലീസ് വ്യക്തമാക്കി. പവേല്‍ അബദ്ധത്തില്‍ ടെറസില്‍ നിന്ന് വീണതാണോ എന്നതുള്‍പ്പെടെ എല്ലാ സംശയങ്ങളും പരിഗണിച്ച് സംഭവം അന്വേഷിക്കുകയാണെന്ന് പൊലീസ് പറഞ്ഞു.