കാസര്‍കോട്: ജില്ലയില്‍ ചെള്ളുപനി സ്ഥിരീകരിക്കുകയും സംശയാസ്പദമായ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്ത സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നു ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ.എ.വി.രാംദാസ് അറിയിച്ചു.ഓറിയന്‍ഷ്യ സുസുഗാമുഷി എന്ന ബാക്ടീരിയ മൂലം ഉണ്ടാകുന്ന ഒരു പകര്‍ച്ചവ്യാധിയാണ് ചെള്ള്പനി. എലി, അണ്ണാന്‍, മുയല്‍ തുടങ്ങിയ കരണ്ടു തിന്നുന്ന ജീവികളിലാണ് ഇവ പൊതുവേ കാണപ്പെടുന്നത്.
ഇവയിലെ കുഞ്ഞു ചെള്ളുകളുടെ കടിയേറ്റാല്‍ മനുഷ്യരിലേക്ക് പകരാനിടയാകും. ലെപ്റ്റോട്രോംബിഡിയം ജനുസ്സിലെ ട്രോമ്ബി കുലിഡ് (മൈറ്റ്) ആണ് രോഗവാഹകര്‍. ഈ ലാര്‍വ ചിഗ്ഗറുകള്‍ എന്നും അറിയപ്പെടുന്നു. ഈ പ്രാണിയുടെ കടിയേല്‍ക്കുമ്ബോഴാണ് രോഗം ഉണ്ടാവുന്നത്. ചെറിയ സസ്യങ്ങള്‍(സ്‌ക്രബ്) കൂടുതല്‍ വളരുന്ന പ്രദേശങ്ങളിലാണ് ഈ അസുഖം കൂടുതല്‍ കാണപ്പെടുന്നത്.