തൃശൂര്‍ : വെട്ടുകാട് മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയവര്‍ക്കുനേരേ തേനീച്ചക്കൂട്ടത്തിന്‍റെ ആക്രമണം.ഗുരുതര പരിക്കേറ്റ വയോധികന്‍ മരിച്ചു. അഞ്ചുപേര്‍ക്കു പരിക്കേറ്റു. അവണൂര്‍ മണിത്തറ മച്ചിങ്ങല്‍ വിജയന്‍ നായര്‍ (മണി- 84) ആണു മരിച്ചത്.
ഇന്നലെ ഉച്ചയോടെയാണു സംഭവം. വര്‍ക്ക് ഷോപ്പ് ജീവനക്കാരായ കൊളാംകുണ്ട് സ്വദേശി തണ്ടിയേക്കല്‍ കമലാധരന്‍ (53), വെട്ടുകാട് സ്വദേശി കോന്നത്തുപറന്പില്‍ നന്ദന്‍ (45), ഏഴാംകല്ല് സ്വദേശി കൊച്ചുപുരയ്ക്കല്‍ എല്‍ദോസ്, മാന്ദാമംഗലം സ്വദേശി കല്ലേലിക്കല്‍ രാജു, മരിച്ച വിജയന്‍ നായരുടെ ഭാര്യ ശാരദ എന്നിവര്‍ക്കാണു പരിക്കേറ്റത്. പരിക്കേറ്റ കമലാധരന്‍, നന്ദന്‍ എന്നിവരെ ജൂബിലി മിഷന്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സാരമായി പരിക്കേറ്റ കമലാധരനെ മെഡിക്കല്‍ ഐസിയുവിലേക്കു മാറ്റി.പരിക്കേറ്റ മറ്റുള്ളവര്‍ തൃശൂര്‍ ജനറല്‍ ആശുപത്രിയിലെത്തി ചികിത്സ തേടി.
പരുന്ത് കൊത്തിയതിനെത്തുടര്‍ന്നാണ് വര്‍ക്ക് ഷോപ്പിന്‍റെ മുകളിലുണ്ടായിരുന്ന തേനീച്ചക്കൂട് ഇളകിയത്. ചൂട്ടു കത്തിച്ച് തേനീച്ചകളെ അകറ്റിയ ശേഷമാണ് റോഡില്‍വീണ വിജയന്‍ നായരെ നാട്ടുകാര്‍ എടുത്തത്. വിജയന്‍നായരുടെ സംസ്കാരം ഇന്നുച്ചയ്ക്കു രണ്ടിന് പാറമേക്കാവ് ശാന്തിഘട്ടില്‍ നടക്കും.