പോത്തന്‍കോട്: പോത്തന്‍കോട് നോക്കുകൂലി കൊടുക്കാത്തതിന് കയറ്റിറക്ക് തൊഴിലാളികളുടെ വക കട ഉടമയ്ക്ക് നേരെ തെറി വിളിയും ജീവനക്കാരന് മര്‍ദനവും. തിരുവനന്തപുരം പോത്തന്‍കോട് മൊത്തവ്യാപാര സ്ഥാപനത്തിലാണ് യൂണിയനുകളുടെ അതിക്രമം.എ.ഐ.ടി.യു.സി, ബി.എം.എസ്, ഐ.എന്‍.ടി.യു.സി, സി.ഐ.ടി.യു തുടങ്ങി സംയുക്ത ട്രേഡ് യൂണിയനുകളില്‍പ്പെട്ടവരാണ് നോക്കുകൂലി ആവശ്യപ്പെട്ടത്. സംഭവത്തിനെതിരെ കടയുടമ ചുമട്ടുതൊഴിലാളി ക്ഷേമ ബോര്‍ഡിനും മുഖ്യമന്ത്രിക്കും തൊഴില്‍ മന്ത്രിക്കുമടക്കം പരാതി നല്‍കി.ഇക്കഴിഞ്ഞ 24ന് പോത്തന്‍കോട് ജങ്ഷനിലെ നസീല ട്രേഡേഴ്സ് എന്ന പലചരക്ക് മൊത്തവ്യാപാര സ്ഥാപനത്തിലാണ് സംഭവം.രാവിലെ 10.30 മണിയ്ക്ക് റീട്ടെയ്‍ലര്‍ കടയിലേക്ക് നാല് ചാക്ക് അരി ലോറിയില്‍ കയറ്റാന്‍ കയറ്റിറക്ക് തൊഴിലാളികളെ വിളിച്ചു. എന്നാല്‍, ഒരു മണിക്കൂര്‍ കഴിഞ്ഞിട്ടും വരാത്തതിനെ തുടര്‍ന്ന് കടയിലെ തൊഴിലാളികള്‍ തന്നെ അരി ലോറിയില്‍ കയറ്റി. ഈ സമയം കയറ്റിറക്ക് തൊഴിലാളികള്‍ വരികയും ലോറി തടയുകയും ജീവനക്കാരനെ തെറിവിളിക്കുകയും കൈയ്യേറ്റം ചെയ്യുകയും ചെയ്തു.
തുടര്‍ന്ന് കടയുടെ മുന്നിലെത്തി സ്ത്രീകള്‍ അടക്കമുള്ള തൊഴിലാളികളുടെ മുമ്ബില്‍ വച്ച് കേട്ടാല്‍ അറയ്ക്കുന്ന രീതിയില്‍ കട ഉടമ അബ്ദുല്‍ സലാമിനെ തെറി വിളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു.