കര്‍ണാടക : ഉത്തരകന്നഡ ജില്ലയിലെ അങ്കോളയില്‍ കാര്‍ കര്‍ണാടക ആര്‍ടിസി ബസുമായി കൂട്ടിയിടിച്ച് മൂന്നു മലയാളികളുള്‍പ്പെടെ നാലുപേര്‍ മരിച്ചു. തിരൂര്‍ സ്വദേശി നിപുണ്‍ പി. തെക്കേപ്പാട്ട് (28), തൃശൂര്‍ വടൂക്കര പുളിയംപൊടി പീറ്ററിന്‍റെ മകന്‍ ജയിംസ് ആല്‍ബര്‍ട്ട് (24), കന്യാകുമാരി ജില്ലയിലെ കല്‍ക്കുളം ശ്രീനിലയത്തില്‍ സുനിലിന്‍റെ മകന്‍ ആനന്ദ് ശേഖര്‍ (24), തിരുപ്പതി സ്വദേശി അരുണ്‍ പാണ്ഡ്യന്‍ (24) എന്നിവരാണു മരിച്ചത്. കാര്‍ ഓടിച്ചിരുന്ന മലപ്പുറം സ്വദേശി മുഹമ്മദ് ലതീബിനെ ഗുരുതരമായ പരിക്കുകളോടെ മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗോവയില്‍ പുതുവത്സരാഘോഷത്തില്‍ പങ്കെടുത്തശേഷം കര്‍ണാടകയിലെ ഗോകര്‍ണത്തേക്കു പോകുകയായിരുന്ന വിദ്യാര്‍ഥികള്‍ സഞ്ചരിച്ച കാറാണ് ദേശീയപാത 66ല്‍ അങ്കോളയ്ക്കു സമീപം ബലേഗുളിയില്‍ അപകടത്തില്‍പ്പെട്ടത്.