ലക്നോ: പ്രായമായ സ്ത്രീകളെ തെരഞ്ഞുപിടിച്ച് കൊലപ്പെടുത്തുന്ന സീരിയല്‍ കില്ലറുടെ സാന്നിധ്യത്തില്‍ ഭയന്നുവിറച്ച് ഉത്തര്‍പ്രദേശിലെ ബാരബങ്കി ജില്ലയിലെ നിവാസികള്‍.പ്രതിയെന്ന് സംശയിക്കുന്നയാളുടെ ചിത്രം പോലീസ് സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിട്ടുണ്ട്. ഇയാളെക്കുറിച്ചുള്ള വിവരം ലഭിക്കുന്നവര്‍ ഉടന്‍ പോലീസുമായി ബന്ധപ്പെടണമെന്നും പൊതുജനങ്ങളോട് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
അടുത്തിടെ തുടര്‍ച്ചയായി മൂന്ന് കൊലപാതകങ്ങളാണ് ഇയാള്‍ നടത്തിയത്. 2022 ഡിസംബര്‍ അഞ്ചിന് അയോധ്യ ജില്ലയിലാണ് ആദ്യ സംഭവം റിപ്പോര്‍ട്ട് ചെയ്തത്. മവായ് പ്രദേശത്തെ ഖുഷേതി ഗ്രാമത്തില്‍ നിന്നുള്ള 60 വയസുള്ള സ്ത്രീയാണ് കൊല്ലപ്പെട്ടത്. ജോലിക്കായി വീട്ടില്‍ നിന്നും പുറപ്പെട്ട ഇവര്‍ വൈകുന്നേരം ആയിട്ടും മടങ്ങിയെത്താതിനെത്തുടര്‍ന്ന് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കി. പോലീസ് നടത്തിയ അന്വേഷണത്തിനൊടുവില്‍ ഡിസംബര്‍ആറിന് ആളൊഴിഞ്ഞ സ്ഥലത്ത് നിന്നും ഇവരുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. മൃതദേഹത്തില്‍ വസ്ത്രം ഉണ്ടായിരുന്നില്ലെന്ന് പോലീസ് പറഞ്ഞു. ഇവരുടെ മുഖത്തും തലയിലും മുറിവേറ്റ പാടുകളുണ്ട്. ഇവരെ ബലാത്സംഗം ചെയ്യുകയും കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയുമായിരുന്നുവെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ടായിരുന്നത്. ഇതിനു പിന്നാലെ, ബരാബങ്കി ജില്ലയിലെ വയലില്‍ നിന്ന് 62 വയസുള്ള സ്ത്രീയുടെമൃതദേഹവും കണ്ടെത്തി. ഇവരും സമാനമായ രീതിയിലാണ് കൊല്ലപ്പെട്ടത്.പ്രതിയെ ഇനിയും പിടികൂടാനാകാത്ത സാഹചര്യത്തില്‍ കേസ് അന്വേഷണത്തിന്‍റെ ചുമതലയുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥനെ മാറ്റി പകരം മറ്റൊരു ഉദ്യോഗസ്ഥനെ എസ്പി നിയമിച്ചു. കൊലയാളിയെ പിടികൂടാന്‍ ആറ് സംഘങ്ങളെ വിന്യസിച്ചാണ് പോലീസ് തെരച്ചില്‍ നടത്തുന്നത്.