പൊന്മുടി : പൊന്മുടി സന്ദര്‍ശിക്കാനെത്തിയവര്‍ സഞ്ചരിച്ചിരുന്ന കാര്‍ പന്ത്രണ്ടാം വളവിന് സമീപം 20 അടി താഴ്ചയുള്ള കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ മൂന്നുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.കരമന സ്വദേശികളായ വിജയമോഹന്‍ (64), ലളിതമ്മ (73), ലത (55), ആശ (33), ശരണ്യ (30), ഡ്രൈവര്‍ അനീഷ് (38) എന്നിവരാണ് കാറിലുണ്ടായിരുന്നത്.വിജയമോഹന്‍, ലളിതമ്മ, ലത എന്നിവര്‍ക്കാണ് ഗുരുതരമായി പരിക്കേറ്റത്. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലുള്ള ഇവര്‍ അപകടനില തരണം ചെയ്‌തതായി ഡോക്ടര്‍മാര്‍ അറിയിച്ചു ഇന്നലെ വൈകിട്ട് അഞ്ചിനാണ് സംഭവം. പൊന്മുടി സന്ദര്‍ശനം കഴിഞ്ഞുവരുമ്പോള്‍ കാറിന്റെ ബ്രേക്ക് നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് കുഴിയിലേക്ക് മറിയുകയായിരുന്നു. പൊന്മുടി പൊലീസും വിതുര ഫയര്‍ഫോഴ്‌സുമെത്തി നാട്ടുകാരുടെയും ടൂറിസ്റ്റുകളുടെയും സഹായത്തോടെയാണ്രക്ഷാപ്രവര്‍ത്തനം നടത്തിയത്.പരിക്കേറ്റവരില്‍ രണ്ടുപേരുടെ കണ്ണിനും തലയ്‌ക്കും കാലിനും ഗുരുതരമായ മുറിവുണ്ട്. വിതുരയില്‍ നിന്ന് മൂന്ന് ആംബുലന്‍സുകളെത്തിയാണ് ഇവരെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചത്.