തിരുവനന്തപുരം: അമിതവേഗത്തില്‍ എത്തിയ റേസിംഗ് ബൈക്ക് റോഡു മുറിച്ചു കടക്കാന്‍ ശ്രമിച്ച വീട്ടമ്മയെ ഇടിച്ചു വീഴ്ത്തി. തെറിച്ചുവീണ് ശരീരം ഛിന്നഭിന്നമായ വീട്ടമ്മ തത്ക്ഷണം മരിച്ചു. നൂറു മീറ്ററോളം അകലെ ഓടയില്‍ തെറിച്ചു വീണ് തലക്ക് ഗുരുതര പരിക്കേറ്റ യുവാവും ആശുപത്രിയില്‍ മരണമടഞ്ഞു. ബൈക്ക് റേസിംഗ് മത്സരങ്ങള്‍ തുടര്‍ച്ചയായി അപകടങ്ങളുണ്ടാക്കുന്നതില്‍ രോഷമുയരുന്നതിനിടെയാണ് കോവളത്ത് ഇന്നലെ വീണ്ടും വന്‍ ദുരന്തമുണ്ടായത്.
കോവളം ബൈപാസില്‍ പാച്ചല്ലൂര്‍ തോപ്പടിയില്‍ ഇന്നലെ രാവിലെ എട്ടോടെയാണ് ദാരുണ സംഭവം അരങ്ങേറിയത്. പനത്തുറ തുരുത്തി കോളനിയില്‍ മത്സ്യത്തൊഴിലാളിയായ അശോകന്‍റെ ഭാര്യ സന്ധ്യ (52), ബൈക്ക് ഓടിച്ചിരുന്ന പൊട്ടകുഴി ഗിരി ദീപത്തില്‍ റിട്ട. പിഡബ്ല്യൂഡി ഉദ്യോഗസ്ഥനായ ബിനുവിന്‍റെയും ഷൈനിന്‍റെയും ഏകമകന്‍ അരവിന്ദ് (25) എന്നിവരാണ് മരിച്ചത്. നഗരത്തില്‍ വീട്ടുജോലിക്കു പോകുന്നതിനായി ബൈപാസ് റോഡ് മുറിച്ചു കടക്കവേ അമിതവേഗതയിലെത്തിയ ബൈക്ക് സന്ധ്യയെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ സന്ധ്യ 200 മീറ്ററോളം ദൂരെ തെറിച്ച് പോകുകയും കാലിന്‍റെ മുട്ടിന് താഴെയുള്ള ഭാഗം അടര്‍ന്ന് റോഡിലേക്കു തെറിച്ചു വീണതായും നാട്ടുകാര്‍ പറഞ്ഞു. സന്ധ്യ സംഭവ സ്ഥലത്തുവച്ചു തന്നെ മരിച്ചു. പോലീസ് എത്തിയാണ് സന്ധ്യയുടെ മൃതദേഹം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക്മാറ്റിയത്.
അപകടത്തില്‍ ഓടയിലേക്ക് തെറിച്ചു വീണ് ഗുരുതരമായി പരിക്കേറ്റ അരവിന്ദിനെ ആദ്യം മെഡിക്കല്‍ കോളജിലും പിന്നീട് സ്വകാര്യ ആശുപത്രിയിലും തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരുന്നെങ്കിലും വൈകുന്നേരം 3.30 ഓടെ മരണപ്പെട്ടു. കോവളം ബീച്ചിലെത്തി ചിത്രങ്ങള്‍ പകര്‍ത്തി ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റു ചെയ്യുന്നത് ഹോബിയാക്കിയ ആളാണ് അരവിന്ദ്. ഇന്നലെയും രാവിലെ 5.30 ന് വീട്ടില്‍ നിന്നും പുറപ്പെട്ട് കോവളത്ത് എത്തിയശേഷം ചിത്രങ്ങള്‍ ശേഖരിച്ച് വീട്ടിലേക്കു മടങ്ങുന്നതിനിടെയാണ് അപകടം നടന്നത്.