കഴക്കൂട്ടം: ആയുധങ്ങളുമായെത്തിയ കുപ്രസിദ്ധ ഗുണ്ടകള്‍ കഴക്കൂട്ടം പൊലീസിന്‍റെ പിടിയിലായി. ഗുണ്ടാ ആക്ടില്‍പ്പെട്ട് ജയിലിലായി കഴിയുകയും രണ്ടു ദിവസം മുമ്പ് ജയില്‍ മോചിതനാവുകയും ചെയ്ത തുമ്പ സ്വദേശി ലിയോണ്‍ ജോണ്‍സണ്‍ (33), കഴക്കൂട്ടം നെട്ടയക്കോണം സ്വദേശി വിജീഷ് (36), കുളത്തൂര്‍ സ്റ്റേഷന്‍കടവ് സ്വദേശി അഖില്‍ (22) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.ഗുണ്ടാ ആക്രമണം നടത്താനുള്ള പരിപാടി ആസൂത്രണം ചെയ്യുന്നതിനിടയില്‍ പൊലീസിന് രഹസ്യ വിവരം ലഭിച്ചു. അതിന്‍റെ അടിസ്ഥാനത്തില്‍ കണിയാപുരം കരിച്ചാറ കടവിന് സമീപം ആള്‍വാസമില്ലാത്തിടത്ത് നിന്നുമാണ് പ്രതികളെ പിടികൂടിയതെന്ന് കഠിനംകുളം പൊലീസ് സര്‍ക്കിന്‍ ഇന്‍സ്പെക്ടര്‍ സാജു ആന്‍റണി പറഞ്ഞു. വടിവാള്‍, വെട്ടുകത്തി, മഴു തുടങ്ങിയ മാരകായുധങ്ങള്‍ പിടിച്ചെടുത്തതായി പൊലീസ് പറഞ്ഞു.പിടിയിലായ ലിയോണ്‍ ജോണ്‍സണ്‍ 28ല്‍ അധികം ക്രിമിനല്‍ കേസുകളിലെ പ്രതിയാണ്. കഴിഞ്ഞ വര്‍ഷം തുമ്പയില്‍ യുവാവിന്റെ കാല്‍ ബോംബെറിഞ്ഞ് തകര്‍ത്ത കേസിലെ പ്രതികളാണ് പിടിയിലായ മൂന്നുപേരും.ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ കഠിനംകുളം സ്റ്റേഷനിലെത്തി പ്രതികളെ ചോദ്യം ചെയ്തു.