ത്യശൂര്‍: പോളണ്ടില്‍ മലയാളിയെ കുത്തിക്കൊന്ന കേസില്‍ നാലു ജോര്‍ജിയന്‍ പൗരന്മാര്‍ അറസ്റ്റില്‍. അറസ്റ്റ് വിവരം പോളിഷ് പോലീസ് ഇന്ത്യന്‍ എംബസിയെ അറിയിച്ചു.ജോര്‍ജിയന്‍ പൗരന്മാരുമായുള്ള വാക്കുതര്‍ക്കത്തിനിടെയാണ് സൂരജിനു കുത്തേറ്റത്.മലയാളി യുവാക്കളും ജോര്‍ജിയന്‍ പൗരന്മാരും തമ്മില്‍ തര്‍ക്കമുണ്ടാവുകയും സൂരജ് പിടിച്ചുമാറ്റാന്‍ ശ്രമിക്കുന്നതിനിടെ കുത്തേല്‍ക്കുകയുമായിരുന്നെന്ന് സുഹൃത്തുക്കള്‍ നാട്ടില്‍ അറിയിച്ചിരുന്നു. പോളണ്ടിലുള്ള മലയാളികളാണു സൂരജിന്‍റെ ഒല്ലൂരിലെ സുഹൃത്തുക്കളെ മരണവിവരം അറിയിച്ചത്. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ലെന്നായിരുന്നു കൈമാറിയ വിവരം.ശനിയാഴ്ച വൈകുന്നേരമാണ് വീട്ടിലേക്ക് അവസാനമായി വിളിച്ചത്. സൂരജിന്‍റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമം തുടങ്ങി.