ന്യൂഡൽഹി : കേന്ദ്ര ധനമന്ത്രി ശ്രീമതി നിർമ്മലാ സീതാരാമൻ ഇന്ന് അവതരിപ്പിച്ച കേന്ദ്ര ബജറ്റിൽ ചെറുകിട വ്യാപാരികളെ പൂർണ്ണമായും അവഗണിച്ചൂവെന്ന് കോൺഫെഡറേഷൻ ഓഫ് ആൾ ഇന്ത്യാ ട്രേഡേഴ്സ് സംസ്ഥാന പ്രസിഡന്റ് ശ്രീ. പി. വെങ്കിട്ടരാമ അയ്യരും സെക്രട്ടറി ജനറൽ ശ്രീ. എസ്. എസ്. മനോജും പറഞ്ഞു. എല്ലാ മേഖലകളേയും സ്പർശിച്ചതും പൊതുവെ വികസനോന്മുഖമായതെന്നും വിശേഷിപ്പിക്കാവുന്ന ബജറ്റിൽ ഈ രാജ്യത്തെ സമ്പത്ത് വ്യവസ്ഥയ്ക്ക് അടിത്തറ പാകുന്ന 8 കോടിയിയിൽ പരം വരുന്ന ചെറുകിട-ഇടത്തരം വ്യാപാരികൾക്കായി ക്ഷേമ പദ്ധതികൾ പ്രഖ്യാപിക്കാത്തതും, ചെറുകിട ഇടത്തരം വ്യാപാരികളെ നിയമക്കുരുക്കിൽ എത്തിക്കുന്ന വിധത്തിലുള്ള നിലവിലെ ജി.എസ്.റ്റി നിയമങ്ങളിൽ മാറ്റം പ്രഖ്യാപിക്കാത്തതും, ജി.എസ്.ടി നിയമം നിലവിൽ വന്ന ആദ്യ 3 വർഷങ്ങളിലേയ്ക്കെങ്കിലും, നികുതിനിർണ്ണയത്തിൽ ആംനെസ്റ്റി സ്കീം പ്രഖ്യാപിക്കാത്തതും തീർത്തും പ്രതിഷേധാർഹമാണെന്നും നേതാക്കൾ പറഞ്ഞു.
ഓൺലൈൻ കുത്തകകളുടെ പിടിമുറുക്കത്തിൽ തകർന്നു കൊണ്ടിരിക്കുന്ന റീട്ടെയിൽ വ്യാപാര മേഖലയെ പിടിച്ചു നിർത്തുന്നതിന് ദേശീയ റീട്ടെയിൽ വ്യാപാര പോളിസി പ്രഖ്യാപിക്കണമെന്നയാവശ്യവും പരിഗണിച്ചില്ലാ എന്നും നേതാക്കൾ ചൂണ്ടിക്കാട്ടി. ഇതുമായി ബന്ധപ്പെട്ട് സംഘടനയുടെ ദേശീയ നേതൃത്വം കേന്ദ്ര ധനമന്ത്രിയെ കണ്ട് ചർച്ച നടത്തുമെന്നും നേതാക്കൾ പറഞ്ഞു