രാമനാട്ടുകര: കോടമ്പുഴ പള്ളിമേത്തലില്‍ വീട്ടില്‍ ഭാര്യയെ കുത്തിക്കൊന്ന യുവാവിനെ പൊലീസ് റിമാന്‍ഡ് ചെയ്തു.പാലക്കാട് മണ്ണാര്‍ക്കാട് സ്വദേശി മല്ലിക (42) യാണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് കോടമ്പുഴ പള്ളിമേത്തല്‍ ചാത്തന്‍പറമ്പ് ഇയ്യത്ത് കല്ലിന് സമീപം പുള്ളിത്തൊടി ലിജേഷ് (37) ആണ് റിമാന്‍ഡിലായത്. വ്യാഴാഴ്‌ച രാത്രി 8.45 ഓടെ പള്ളിമേത്തലിലെ വീട്ടിലായിരുന്നു സംഭവം. കത്രിക ഉപയോഗിച്ചാണ് കുത്തിയത്. കൊലപാതകം നടക്കുമ്പോള്‍ ഇവരുടെ ആറും മൂന്നരയും വയസായ രണ്ട് കുഞ്ഞുങ്ങള്‍ വീട്ടിലുണ്ടായിരുന്നു. ലിജേഷ് തന്നെയാണ് കൊലപാതക വിവരം ഫറോക്ക് പൊലീസിലും നാട്ടുകാരെയും അറിയിച്ചത്. യുവതി സംഭവസ്ഥലത്ത്തന്നെ മരിച്ചു. ഇവര്‍ തമ്മില്‍ സ്ഥിരമായി വഴക്കുകൂടാറുള്ളതായി പരിസരവാസികള്‍ പറഞ്ഞു. ഒമ്ബത് വര്‍ഷങ്ങള്‍ക്ക് മുമ്പ് ലിജേഷ് പാലക്കാട് ജോലിക്ക് പോയ അവസരത്തിലാണ് മല്ലികയെ പരിചയപെടുന്നതും വിവാഹം കഴിച്ചതും.
ലിജേഷിന്റെ അമ്മയുടെ നാടായ ഫറോക്ക് കോടമ്പുഴ പള്ളിമേത്തലില്‍ വീടുവെച്ച് താമസിക്കുകയായിരുന്നു. ആദ്യ വിവാഹത്തില്‍ മല്ലികയ്ക്ക് 22 വയസായ മകനുണ്ട്. പരസ്പര സംശയവും ഭാര്യ ജോലിക്ക് പോകുന്നതിലെ എതിര്‍പ്പുമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു.