തൊടുപുഴ: വഴിവിളക്കുകളുടെ ബാറ്ററി മോഷ്ടിച്ച് വില്‍ക്കുന്ന രണ്ട് പേര്‍ അറസ്റ്റില്‍. പാലാ- തൊടുപുഴ റോഡില്‍ സ്ഥാപിച്ചിരിക്കുന്ന സോളാര്‍ ലൈറ്റുകളുടെ ബാറ്ററി മോഷ്ടിച്ച സംഘത്തില്‍ രണ്ട് പേരെയാണ് കരിങ്കുന്നം പൊലീസ് പിടികൂടിയത്.എറണാകുളം ഏനാനല്ലൂര്‍ പുന്നമറ്റം ഓട്ടുകുളത്ത് ഒ.എ.ബാദുഷ, നോര്‍ത്ത് മഴുവന്നൂര്‍ കൊച്ചുവീട്ടില്‍ കെ.എസ്. കിച്ചു (19) എന്നിവരെയാണ് എസ്.ഐ ബൈജു പി. ബാബുവിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റു ചെയ്തത്. പതിവായി ഈ റൂട്ടിലെ വഴിവിളക്കുകളില്‍ സ്ഥാപിച്ചിരിക്കുന്ന ബോക്‌സുകളില്‍ നിന്ന് ബാറ്ററി മോഷണം പോകുന്നതിനാല്‍ പൊലീസ് നിരീക്ഷണം ശക്തമാക്കിയതോടെയാണ് ഇന്നലെ പുലര്‍ച്ചെ 2.15 ന് കരിങ്കുന്നം ടൗണില്‍ നിന്ന് പ്രതികള്‍ പിടിയിലായത്. ബാറ്ററി മോഷ്ടിച്ച് കടത്താന്‍ ഉപയോഗിച്ചിരുന്ന ബാദുഷയുടെ കാറും പിടികൂടി.
ബാറ്ററി കടത്താനായി പ്രത്യേകം രൂപകല്‍പ്പന ചെയ്ത വാഹനമാണിതെന്ന് പൊലീസ് പറഞ്ഞു. ഇവര്‍ മോഷ്ടിക്കുന്നബാറ്ററി കടകളില്‍ വില്‍പ്പന നടത്തുകയാണ് ചെയ്തിരുന്നത്. ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ അന്വേഷണം നടത്തുമെന്നും പൊലീസ് പറഞ്ഞു.