പുലയനാര്‍കോട്ട നെഞ്ചുരോഗ ആശുപത്രിയിലും കോഴിക്കോട് കുറ്റ്യാടി താലൂക്ക് ആശുപത്രിയിലും പുതിയ കെട്ടിടങ്ങള്‍ നിര്‍മിക്കുന്നതിന് 47.93 കോടിയുടെ ഭരണാനുമതി

തിരുവനന്തപുരം: പുലയനാര്‍കോട്ട നെഞ്ചുരോഗ ആശുപത്രിയിലും കോഴിക്കോട് കുറ്റ്യാടി താലൂക്ക് ആശുപത്രിയിലും പുതിയ കെട്ടിടങ്ങള്‍ നിര്‍മിക്കുന്നതിന് 47.93 കോടി രൂപയുടെ നബാര്‍ഡ് ധനസഹായത്തിന് ഭരണാനുമതി നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.ഇതില്‍ 7.19 കോടി സംസ്ഥാന വിഹിതമാണ്. പുലയനാര്‍കോട്ട നെഞ്ചുരോഗ ആശുപത്രിക്ക് 28.50 കോടി രൂപയും കുറ്റ്യാടി താലൂക്ക് ആശുപത്രിക്ക് 19.43 കോടി രൂപയുമാണ് അനുവദിച്ചത്. നടപടിക്രമങ്ങള്‍ പാലിച്ച്‌ എത്രയും വേഗം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി.തലസ്ഥാനത്തെ ഏറ്റവും പഴക്കം ചെന്ന ആശുപത്രികളിലൊന്നാണ് പുലയനാര്‍കോട്ട നെഞ്ചുരോഗ ആശുപത്രി. കെട്ടിടത്തിന്റെ കാലപ്പഴക്കം കാരണം ആശുപത്രി വികസനത്തിന് ഏറെ ബുദ്ധിമുട്ടിയിരുന്നു. മന്ത്രി വീണാ ജോര്‍ജ് നേരിട്ട് ആശുപത്രിയിലെത്തുകയും വികസന പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യുകയുംചെയ്തതിന്റെയടിസ്ഥാനത്തിലാണ് നടപടി. 3 നിലകളുള്ള കെട്ടിടമാണ് നിര്‍മ്മിക്കുന്നത്. പുതിയ കെട്ടിടത്തിന്റെ സെല്ലാര്‍ ഫ്‌ളോറില്‍ സിടി സ്‌കാന്‍, എക്സ് റേ, ലബോറട്ടറി, അള്‍ട്രാ സൗണ്ട് സ്‌കാന്‍, സ്ലീപ്പ് ലാബ്, എച്ച്‌ഐവി ക്ലിനിക്ക്, മൈനര്‍ പ്രൊസീസര്‍ റൂം, പ്രീ ആന്റ് പോസ്റ്റ് ഓപ്പറേഷന്‍ വാര്‍ഡുകള്‍, ടുബാക്കോ ക്ലിനിക്, പള്‍മണറി ജിം, ഗ്രൗണ്ട് ഫ്‌ളോറില്‍ ഫാര്‍മസി സ്റ്റോര്‍, ഔട്ട് പേഷ്യന്റ്സ് ട്രീറ്റ്മെന്റ് ഏരിയ, കാഷ്വാലിറ്റി, അലര്‍ജി ക്ലിനിക്ക്, ടിബി എംഡിആര്‍, സ്‌പെഷ്യാലിറ്റി ക്ലിനിക്ക്, ഒബ്സര്‍വേഷന്‍ വാര്‍ഡ്, ഒപി കൗണ്ടര്‍ എന്നിവയും ഒന്നാം നിലയില്‍ ക്ലാസ്‌റൂം, കോണ്‍ഫറന്‍സ് ഹാള്‍ എന്നിവയുമുണ്ടാകും.
കുറ്റ്യാടി നിയോജക മണ്ഡലത്തില്‍ കുന്നുമ്മല്‍ ബ്ലോക്കില്‍ സ്ഥിതി ചെയ്യുന്ന കുറ്റ്യാടി താലൂക്ക് ആശുപത്രി മലയോര മേഖല ഉള്‍പ്പെട്ട ഈ പ്രദേശത്തെ ജനങ്ങളുടെ പ്രധാന ആശ്രയമാണ്. സംസ്ഥാന പാതയോടു ചേര്‍ന്നുള്ള ആശുപത്രി ആയതിനാല്‍ അത്യാഹിത വിഭാഗം നവീകരിക്കുകയും ആവശ്യമായ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്തതിലൂടെ ഒട്ടേറെ വിലപ്പെട്ട ജീവനുകള്‍ രക്ഷിക്കാന്‍ കഴിയുന്നുണ്ട്. ഇതുകൂടാതെയാണ് കൂടുതല്‍ സൗകര്യങ്ങളൊരുക്കുന്നതിന് പുതിയ കെട്ടിടം നിര്‍മിക്കുന്നത്. ആറു നിലകളുള്ള കെട്ടിട സമുച്ചയമാണ് നിര്‍മ്മിക്കുന്നത്.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

four × three =