അടിമാലി: ഇടുക്കി കൊന്നത്തടി പഞ്ചായത്തിലെ കൊമ്പൊടിഞ്ഞാലിനു സമീപം സഹോദരിമാരായ കുട്ടികളും മുത്തശ്ശിയും പാറക്കുളത്തില്‍ മുങ്ങിമരിച്ചു.അടിമാലി വാളറ ചിരയപറമ്പില്‍ ബിനോയി – ജാസ്‌മി ദമ്പതികളുടെ മക്കളായ ആന്‍മരിയ (11), അമേയ (8) എന്നിവരും ജാസ്‌മിയുടെ മാതാവ് കൊമ്പൊടിഞ്ഞാല്‍ ഇണ്ടിക്കുഴിയില്‍ എല്‍സമ്മ (58) എന്നിവരാണ് മരിച്ചത്. ഇന്നലെ വൈകിട്ട് അഞ്ചു മണിയോടെയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. സ്‌കൂള്‍ വിട്ടുവന്ന ശേഷം മുത്തശിയോടും അയല്‍വാസിയായ കുമ്പളവയലില്‍ അമ്മിണിയോടുമൊപ്പമാണ് കുട്ടികള്‍ കുളത്തിലെത്തിയത്. സമീപത്ത് തുണിയലക്കുന്നതിനിടെ ആന്‍ മരിയ വെള്ളത്തില്‍ മുങ്ങിപ്പോയി. കുട്ടിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ എല്‍സമ്മയും അപകടത്തില്‍പ്പെട്ടു. ഇതു കണ്ട് നിലവിളിച്ച് ആളുകളെ വിളിച്ചുകൂട്ടാനായി അമ്മിണി ഓടി. ഇതിനിടെ ഒപ്പമുണ്ടായിരുന്ന അമേയയെയും കാണാതായി. ഓടിക്കൂടിയ നാട്ടുകാര്‍ മൂന്നുപേരെയും പുറത്തെടുത്ത് അടിമാലി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സ്‌ഥിരീകരിച്ചു.