ന്യൂഡല്‍ഹി: ശ്രദ്ധ കൊലക്കേസിന് സമാനമായ രീതിയില്‍ പങ്കാളിയെ കൊന്ന് ഫ്രീസറില്‍ സൂക്ഷിച്ച കേസില്‍ യുവതിയുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്.ശ്വാസം മുട്ടിയാണ് മരണം. കഴുത്തില്‍ പാടുകളുണ്ട്. എന്നാല്‍, മുറിവുകളോ പാടുകളോ ശരീരത്തില്‍ ഇല്ല. ശ്രദ്ധ വധക്കേസിന്റെ രീതിയില്‍ ഫോറന്‍സിക് തെളിവുകളുടെ അടിസ്ഥാനത്തിലായിരിക്കും അന്വേഷണമെന്ന് പൊലീസ് അറിയിച്ചു. മൃതദേഹം ഹരിയാനയിലുള്ള ബന്ധുക്കള്‍ക്ക് വിട്ടുനല്കും.കഴിഞ്ഞ ദിവസം ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്ത പ്രതി സഹീല്‍ ഗെലോട്ടിനെ കോടതിയില്‍ ഹാജരാക്കി. ഇയാളെ അഞ്ച് ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടു. ചൊവ്വാഴ്ചയാണ് പ്രതിയുടെ റെസ്റ്റ് റോന്റിലെ ഫ്രീസറില്‍ നിന്ന് യുവതിയുടെ മൃതദേഹം കണ്ടെടുത്തത്.ഈ മാസം ഒമ്പതിന് രാത്രിയാണ് പങ്കാളിയായിരുന്ന നിക്കി യാദവിനെ(25) സഹീല്‍ കൊലപ്പെടുത്തിയത്. രാത്രിയില്‍ ഇവര്‍ പോയ റൂട്ട് കണ്ടെത്താനുള്ള ശ്രമം നടക്കുകയാണെന്നും അന്വേഷണം പുരഗമിക്കുകയാണെന്നും ക്രൈംബ്രാഞ്ച് ഡി.സി.പി സതീഷ് കുമാര്‍ പറഞ്ഞു. മൃതദേഹം വലിച്ചെറിയാന്‍ 40 കിലോമീറ്ററുകളോളം ഇയാള്‍ സഞ്ചരിച്ചതായി പൊലീസ് പറയുന്നത്.ഡല്‍ഹി ഉത്തം നഗറിലെ വീട്ടില്‍ നിന്ന്പൊലീസ് കണ്ടെടുത്ത സിസിടിവിയില്‍ നിന്ന് ഉച്ചയ്ക്ക് ഒരു മണിയോടെ നിക്കി ടെറസിലേക്ക് പോകുന്നതും തിരിച്ചു വരുന്നതുമായ ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു. കഴിഞ്ഞ അഞ്ച് മാസമായി നിക്കി സഹോദരിമാരോടൊപ്പം ഉത്തം നഗറിലെ ഫ്ലാറ്റില്‍ താമസിച്ചുവരികയായിരുന്നു. സഹീല്‍ പലതവണ ഇവിടെ വന്നുപോകുന്നത് കണ്ടവരുണ്ട്.
കൊവിഡ് ലോക്ഡൗണിനു ശേഷം നിക്കിയും സഹീലും ദ്വാരകയ്ക്ക് സമീപമുള്ള വാടക വീട്ടില്‍ താമസിച്ചു വരികയായിരുന്നു. ഇതിനിടെ സഹീല്‍ മറ്റൊരു വിവാഹം ചെയ്യാന്‍ പോകുന്ന കാര്യം നിക്കി മനസ്സിലാക്കിയതോടെ ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായി. പുതിയ വിവാഹത്തില്‍ നിന്ന് പിന്തിരിയണമെന്നും തന്നെ വിവാഹം ചെയ്യണമെന്നും നിക്കി നിര്‍ബന്ധം പിടിച്ചു. ഇതിന് തയ്യാറാകാതിരുന്ന സഹീല്‍ കാറില്‍ വച്ച് നിക്കിയെ കൊലപ്പെടുത്തുകയായിരുന്നു.