തളിപ്പറമ്പ് : കുറുമാത്തൂര്‍ വെള്ളാരംപാറയിലെ പോലീസ് ഡന്പിംഗ് യാര്‍ഡില്‍ വന്‍ അഗ്നിബാധ. ഇരുചക്രവാഹനങ്ങളടക്കം നാനൂറോളം വാഹനങ്ങള്‍ അഗ്നിക്കിരയായി.ഏഴു യൂണിറ്റിലെ അഗ്നിശമന സേനാംഗങ്ങള്‍ നാലു മണിക്കൂര്‍ പരിശ്രമിച്ചാണു തീയണച്ചത്.
വിവിധ കേസുകളില്‍ ഉള്‍പ്പെട്ട് തളിപ്പറമ്പ്, പഴയങ്ങാടി, പരിയാരം, ആലക്കോട്, മയ്യില്‍ തുടങ്ങിയ സ്റ്റേഷനുകളില്‍ പിടികൂടിയ നിരവധി വാഹനങ്ങളാണു ഡന്പിംഗ് യാര്‍ഡില്‍ ഉണ്ടായിരുന്നത്. ഇന്നലെ രാവിലെ പതിനൊന്നരയോടെ ഡന്പിംഗ് യാര്‍ഡിന്‍റെ കിഴക്കുഭാഗത്താണ് ആദ്യം തീപിടിത്തമുണ്ടായതെന്നാണു നാട്ടുകാര്‍ പറയുന്നത്. തീ ഡന്പിംഗ് യാര്‍ഡിലേക്കു പടരുകയും വാഹനങ്ങള്‍ക്കു തീപിടിക്കുകയുമായിരുന്നു. ശക്തമായ കാറ്റുണ്ടായിരുന്നതിനാല്‍ തീ വളരെ വേഗം ആളിപ്പടരുകയായിരുന്നു. സംഭവമറിഞ്ഞെത്തിയ തളിപ്പറമ്ബ്, പയ്യന്നൂര്‍, മട്ടന്നൂര്‍, കണ്ണൂര്‍ എന്നിവിടങ്ങളിലെ അഗ്നിരക്ഷാ നിലയത്തില്‍നിന്ന് ഏഴു യൂണിറ്റ് സേന സ്ഥലത്തെത്തിയാണു തീയണച്ചത്.ശക്തമായ പൊട്ടിത്തെറിയും തീയും പുകയും ഉണ്ടായതിനാല്‍ ഏറെ പണിപ്പെട്ടാണു വൈകുന്നേരം നാലോടെ തീ നിയന്ത്രണവിധേയമാക്കിയത്.