തിരുവനന്തപുരം: വര്‍ക്കല താഴെവെട്ടൂരില്‍ അമ്മയ്ക്കും മകനും നേരെ ആക്രമണം. വെട്ടൂര്‍ സ്വദേശി റംസീന ബീവിക്ക് വെട്ടേറ്റു.മകന്‍ ഷംനാദിനെ വാഹനമിടിച്ച് കൊല്ലാന്‍ ശ്രമിച്ചെന്നും പരാതിയുണ്ട്. കട നടത്തിപ്പിനെ ചൊല്ലിയുള്ള തര്‍ക്കമാണ് ആക്രമണത്തിന് പിന്നിലെന്ന് പൊലീസ് അറിയിച്ചു. ചികിത്സയില്‍ കഴിയുന്ന റംസീന ബീവിയുടെയും മകന്റേയും നില ഗുരുതരമാണ്. ഇന്ന് വൈകീട്ടായിരുന്നു ആക്രമണം. റംസീന നടത്തിവന്ന കട റോഡിലേക്ക് തള്ളി നില്‍ക്കുന്നു എന്നാരോപിച്ച് അയല്‍വാസി പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് നഗരസഭ നോട്ടീസ് നല്‍കി അട അടപ്പിച്ചു.
അയല്‍വാസിയെ കൊണ്ട് പരാതി കൊടുപ്പിച്ചത് ആക്രമണത്തില്‍ പ്രതിയായ ഷിഹാബുദ്ദീന്‍ ആണെന്ന് റംസീന ആരോപിച്ചിരുന്നു. ഇപ്പോള്‍ ഈ കടമറ്റൊരാള്‍ക്ക് വാടകയ്ക്ക് നല്‍കാന്‍ ശ്രമിച്ചതാണ് വീണ്ടും പ്രശ്‌നത്തിന് കാരണമായത്. വാടകയ്ക്ക് കൊടുക്കുന്നതുമായി ബന്ധപ്പെട്ട് ഒരാളോട് സംസാരിച്ചുകൊണ്ടുനില്‍ക്കെ ഷിഹാബുദ്ദീന്‍ എത്തുകയും തര്‍ക്കമുണ്ടാവുകയും ആക്രമണത്തില്‍ കലാശിക്കുകയുമായിരുന്നു. തന്റെ വാനിലുണ്ടായിരുന്ന വാളുപയോഗിച്ചാണ് പ്രതി ഇരുവരേയും ആക്രമിച്ചത്. മകനെ ആക്രമിക്കുന്നത് തടയാന്‍ ശ്രമിച്ചപ്പോഴാണ് മാതാവിന് വെട്ടേറ്റത്. ആക്രമണ ശേഷം രക്ഷപെടാന്‍ ശ്രമിച്ച പ്രതിയെ മകന്‍ ബൈക്കില്‍പിന്തുടരുകയായിരുന്നു. ഈ സമയം വാന്‍ അതിവേഗതയില്‍ ബൈക്കില്‍ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. മതിലില്‍ ഇടിച്ചുനിന്ന വാനിന്റെ അടിയില്‍ നിന്നാണ് ഗുരുതര പരിക്കുകളോടെ ഷംനാദിനെ ഗുരുതരമായ അവസ്ഥയില്‍ നാട്ടുകാര്‍ രക്ഷപെടുത്തുന്നത്. തലയ്ക്ക് സാരമായി പരിക്കേറ്റ ഷംനാദിന്റെ നില ഗുരുതരമായി തുടരുകയാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ആക്രമണത്തിനിടെ പ്രതിക്കും പരിക്കേറ്റു. പൊലീസ് കസ്റ്റഡിയിലെടുത്ത ഇയാള്‍തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്.