കേന്ദ്ര – സംസ്ഥാന സർക്കാരുകളുടെ ബജറ്റിൽ വ്യാപാരികളെ പൂർണ്ണമായും അവഗണിച്ചതിൽ പ്രതിഷേധിച്ച് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന കൗൺസിൽ അംഗങ്ങൾ ഫെബ്രുവരി 23ന് സെക്രട്ടറിയേറ്റിനു മുന്നിൽ കഞ്ഞികലം കമിഴ്ത്തി വച്ചു കൊണ്ട് പ്രതിഷേധ ധർണ്ണ നടത്തും. ഏകോപന സമിതി സംസ്ഥാന രക്ഷാധികാരി ശ്രീ. കമലാലയം സുകു സമരം ഉത്ഘാടനം ചെയ്യുമെന്ന് സംസ്ഥാന പ്രസിഡന്റ് ശ്രീ. എസ്. എസ്. മനോജ്, സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീ. എം. നസീർ എന്നിവർ അറിയിച്ചു.
ജി.എസ്. റ്റി കാലോചിതമായി പരിഷ്കരിക്കുക, ദേശീയ റീട്ടെയിൽ വ്യാപാരം നയം രൂപീകരിക്കുക, ഓൺലൈൻ കുത്തകകളെ നിയന്ത്രിക്കുന്നതിനാവശ്യമായ നയരൂപീകരണം തുടങ്ങിയ ആവശ്യങ്ങളും പരിഗണിക്കപ്പെടാത്തതിലും വ്യാപാരികളുടെ ശക്തമായ പ്രതിഷേധമുണ്ടെന്നും നേതാക്കൾ പറഞ്ഞു.
ഇന്ധനം ഉൾപ്പെടെ സമസ്ത മേഖലകളിലേയും നികുതി വർധനവ് വ്യാപാര മേഖലയുടെ നടുവൊടിക്കുമെന്ന് നേതാക്കൾ പറഞ്ഞു.
വ്യാപാരി ക്ഷേമനിധി പെൻഷൻ വെട്ടിക്കുറച്ച നടപടിയിലും, റോഡ് വികസനത്തിന്റെ പേരിൽ കുടിയൊഴിപ്പിക്കപ്പെടുന്ന വാടകക്കാരായ വ്യാപാരികൾക്ക് ആവശ്യമായ നഷ്ടപരിഹാരം നൽകുന്ന കാര്യത്തിലും, കഴിഞ്ഞ ബജറ്റിലെ പ്രഖ്യാപനത്തിൽ മാത്രം ഒതുങ്ങിയ 1000 കോടിയുടെ വ്യാപാര വായ്പാ സബ്സിഡിയുടെ കാര്യത്തിലും ബജറ്റിൽ ഒരു നിർദേശവും ഉണ്ടായില്ലെന്നും നേതാക്കൾ പറഞ്ഞു.
അശാസ്ത്രീയമായ ഹെൽത്ത് കാർഡ് നിബന്ധനകൾ നടപ്പിലാക്കുവാൻ കഴിയില്ല. കാലഹരണപ്പെട്ട വാറ്റ് നികുതിയുടെ തർക്കങ്ങൾ അടിയന്തിരമായി പരിഹരിക്കണമെന്ന ആവശ്യവും പരിഗണിച്ചില്ലായെന്നും നേതാക്കൾ പറഞ്ഞു.