തിരുവനന്തപുരം: അട്ടക്കുളങ്ങരയില്‍ യുവാവിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ ഒന്നാം പ്രതി പിടിയില്‍.നേമം കോളിയൂര്‍ സ്വദേശി നന്ദു എന്ന അജിത്തിനെയാണ് ( 22) ചെന്നൈയില്‍ നിന്ന് ഫോര്‍ട്ട് പൊലീസ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ 10ന് പൂജപ്പുര സ്വദേശി മുഹമ്മദലിയെ നാലംഗ സംഘം വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലാണ് അറസ്റ്റ്. 2020 ഡിസംബറില്‍ തമിഴ്നാട് തിരുച്ചിറപ്പള്ളിയില്‍ നടന്ന മോഷണ ശ്രമത്തിനിടെ നാട്ടുകാരുടെ മര്‍ദ്ദനമേറ്റ് മലയിന്‍കീഴ് വിളവൂര്‍ക്കല്‍ സ്വദേശി ദീപു കൊല്ലപ്പെട്ടിരുന്നു. ഒപ്പമുണ്ടായിരുന്നവര്‍ തമിഴ്നാട്ടില്‍ ജയിലിലായി.അന്ന് കൊല്ലപ്പെട്ട ദീപുവും കൂട്ടരും സഞ്ചരിച്ചിരുന്ന വാഹനം ഓടിച്ചിരുന്നത് മുഹമ്മദലിയായിരുന്നു. ദീപുവിന്റെകൊലപാതകത്തില്‍ മുഹമ്മദലിക്ക് പങ്കുണ്ടെന്ന വിരോധത്തിലാണ് ദീപുവിന്റെ ഉറ്റ സുഹൃത്തായ അജിത്തും മറ്റു മൂന്നു പേരും ചേര്‍ന്ന് മുഹമ്മദലിയെ കൊലപ്പെടുത്താന്‍ ശ്രമിച്ചത്. ഒളിവില്‍ പോയ അജിത്ത് ചെന്നൈയിലെ ബന്ധുവീട്ടില്‍ താമസിക്കെയായിരുന്നു അറസ്റ്റ്.