തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നും പ്രവാസിയെ തട്ടിക്കൊണ്ടു പോയി പണവും സ്വര്‍ണവും കവര്‍ന്ന കേസില്‍ കാമുകിയും സഹോദരനും അടക്കം ആറു പേര്‍ അറസ്റ്റില്‍.ചിറയിന്‍കീഴ് കിഴുവിലം സ്വദേശിനി ഇന്‍ഷാ അബ്ദുള്‍ വഹാബ്(33), ഇന്‍ഷയുടെ സഹോദരന്‍ ഷഫീക്ക്(25), ചിറയിന്‍കീഴ് മുടപുരം കൊച്ചാലുംമൂട് സ്വദേശി രാജേഷ് (24), കിളിമാനൂര്‍ പോങ്ങനാട് സ്വദേശി ഷിജാസ് (24), തട്ടത്ത്മല സ്വദേശി ആഷിക് (27), ചിറയിന്‍കീഴ് മടവൂര്‍ സ്വദേശി അന്‍സില്‍ (24) എന്നിവരെയാണ് വലിയതുറ പോലീസ് അറസ്റ്റ് ചെയ്തത്.ബുധനാഴ്ച ദുബായില്‍ നിന്നും തിരുവനന്തപുരത്ത് എത്തിയ തമിഴ്നാട് സ്വദേശിയായ മുഹിയുദീന്‍ അബ്ദുള്‍ ഖാദറിനെ സംഘം കാറില്‍ തട്ടിക്കൊണ്ടു പോയി പണവും സ്വര്‍ണവും മൊബൈല്‍ ഫോണും അടക്കം കവരുകയായിരുന്നു. തട്ടിക്കൊണ്ടു പോയ അബ്ദുള്‍ ഖാദറിനെ സംഘം ചിറയിന്‍കീഴ് ഭാഗത്തുള്ളറിസോര്‍ട്ടില്‍ എത്തിക്കുകയും അവിടെ കെട്ടിയിട്ട് അയാളുടെ പക്കല്‍ നിന്നും സ്വര്‍ണാഭരണവും മൊബൈല്‍ ഫോണുകളും തട്ടിയെടുക്കുകയും തുടര്‍ന്ന് തടങ്കലില്‍ താമസിപ്പിച്ച് മര്‍ദിക്കുകയും ചെയ്തെന്നാണ് പോലീസ് പറയുന്നത്. ഇയാളുടെ പക്കലുള്ള ലാപ്ടോപ്പ് കൈക്കലാക്കി 1,57,0000 രൂപ പ്രതിയായ യുവതിയുടെ അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യിപ്പിക്കുകയും കൂടുതല്‍ പണം ആവശ്യപ്പെട്ട് തുടര്‍ന്നും മര്‍ദിക്കുകയും ചെയ്തു. ഇതിനു പുറമെ റവന്യു സ്റ്റാമ്പ് പതിച്ച ബ്ലാങ്ക് പേപ്പറിലും മുദ്രപത്രങ്ങളിലും ഒപ്പിട്ടു വാങ്ങുകയും ചെയ്തു. തുടര്‍ന്ന് രണ്ടു ദിവസങ്ങള്‍ക്ക് ശേഷം പ്രവാസിയെ തിരികെ തിരുവനന്തപുരം ഇന്‍റര്‍നാഷണല്‍ എയര്‍പോര്‍ട്ട് പരിസരത്തു കൊണ്ടുവന്ന് ഇറക്കിവിട്ടു. എയര്‍പോര്‍ട്ടില്‍ നിന്നും മുഹിയുദീന്‍ അബ്ദുള്‍ ഖാദര്‍ വലിയതുറ പോലീസ് സ്റ്റേഷനില്‍ എത്തി നടന്ന സംഭവം അറിയിക്കുകയായിരുന്നു.