കൊച്ചി : എക്‌സൈസ് കായിക മേളയ്ക്കിടെ മത്സരാര്‍ഥിയായ പ്രിവന്‍റീവ് ഓഫീസര്‍ കുഴഞ്ഞുവീണു മരിച്ചു. പാലക്കാട് എക്‌സൈസ് ഇന്‍റലിജന്‍സ് വിഭാഗം ഉദ്യോഗസ്ഥനായ കിണാശേരി കണ്ണാടി ലക്ഷ്മിഭവനം വീട്ടില്‍ ആര്‍.വേണുകുമാറാണ് (53) മരിച്ചത്. അത്‌ലറ്റിക്‌സ് മത്സരങ്ങള്‍ നടന്ന എറണാകുളം മഹാരാജാസ് കോളജ് ഗ്രൗണ്ടില്‍ ഇന്നലെ രാവിലെ എട്ടോടെയായിരുന്നു സംഭവം.1500 മീറ്റര്‍ നടത്തമത്സരം പൂര്‍ത്തിയാക്കിയശേഷം വിശ്രമിക്കവേ, കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ മെഡിക്കല്‍ സംഘമെത്തി പ്രാഥമിക ശുശ്രൂഷകള്‍ നല്കിയശേഷം എറണാകുളം ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിനൊപ്പം അപസ്മാരവുമുണ്ടായതാണ് മരണകാരണം. സംഭവത്തെത്തുടര്‍ന്ന് കായിക മേള നിര്‍ത്തിവച്ചു.