കോഴിക്കോട്: ബസ് യാത്രയ്‌ക്കിടെ മാല പൊട്ടിച്ച മോഷ്‌ടാക്കളായ സ്‌ത്രീകളെ പിന്നാലെയോടി പിടികൂടി വീട്ടമ്മ.നരിക്കുനി സ്വദേശി സുധയാണ് ജീവന്‍ പണയംവച്ച് മോഷ്‌ടാക്കളെ പിടികൂടി താലിമാല തിരിച്ചുപിടിച്ചത്.
നരിക്കുനിയില്‍നിന്നു തൊണ്ടയാട് ഭാഗത്തേക്കു ജോലിക്കായി പോകുകയായിരുന്ന സുധയുടെ മാല ബസില്‍വച്ചു രണ്ടു തമിഴ് സ്‌ത്രീകള്‍ പൊട്ടിച്ചെടുത്തു. ബസില്‍ അനാവശ്യ തിരക്കുണ്ടാക്കി മുന്നിലും പിന്നിലും നിന്ന സ്‌ത്രീകളാണ് താലിമാല പൊട്ടിച്ചത്. ഉടന്‍തന്നെ ഈ സ്‌ത്രീകള്‍ ബസില്‍നിന്ന് ഇറങ്ങുകയും ചെയ്‌തു. മാല പൊട്ടിച്ചെടുത്തതായി തിരിച്ചറിയുകയും അടുത്തുനിന്ന സ്‌ത്രീകളില്‍ സംശയമുണ്ടാകുകയും ചെയ്‌തതോടെ ഇവര്‍ക്കു പിന്നാലെ സുധയും ബസില്‍നിന്നു ചാടിയിറങ്ങി. സുധയെ കണ്ടതോടെ രണ്ടു സ്‌ത്രീകളും ഓട്ടോയില്‍ കയറി രക്ഷപ്പെടാന്‍ ശ്രമിച്ചു.ഓടിത്തുടങ്ങിയ ഓട്ടോയ്‌ക്കു മുന്നിലേക്കു ചാടി വീണ സുധ സ്‌ത്രീകളെ ഓട്ടോയില്‍നിന്നു പിടിച്ചിറക്കി.
മാല കവര്‍ന്നതു സമ്മതിക്കാന്‍ ആദ്യമൊന്നും സ്‌ത്രീകള്‍ തയാറായില്ല. പോലീസില്‍ ഏല്‍പ്പിക്കുമെന്നു സുധ പറഞ്ഞതോടെ അവര്‍ കൈവശമുണ്ടായിരുന്ന താലിമാല വലിച്ചെറിഞ്ഞു. മാലയിലെ ലോക്കറ്റ് നഷ്‌ടപ്പെട്ടിരുന്നു. അതിനിടെ സ്‌ഥലത്തെത്തിയ പോലീസ് ഇവരെ കസ്‌റ്റഡിയിലെടുത്തു.
തമിഴ്‌നാട് ഡിണ്ടിഗല്‍ കാമാക്ഷിപുരം സ്വദേശി അയ്യപ്പന്‍ എന്ന വിജയകുമാര്‍ (44), ഭാര്യമാരായ വേലപ്പെട്ടി സ്വദേശിനി ദേവി (38), വസന്ത(45), മകള്‍ സന്ധ്യ (25) എന്നിവരാണ് ഈ സംഭവവുമായി ബന്ധപ്പെട്ടു പിടിയിലായത്..