തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാലക്കിടെ തലസ്ഥാനനഗരത്തിലുണ്ടായ ഏറ്റുമുട്ടലില്‍ ഗുണ്ടാത്തലവന്‍മാര്‍ക്ക് ഗുരുതര പരിക്ക്. ശ്രീകണ്ഠേശ്വരം എന്‍.എസ്.എസ് കരയോഗ മന്ദിരത്തിന് സമീപത്തെ അന്നദാന കേന്ദ്രത്തില്‍ സ്ത്രീകളുടെയും കുട്ടികളുടെയും മുന്നിലായിരുന്നു ആക്രമണം.നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളായ ശ്രീകണ്ഠേശ്വരം സ്വദേശി ലുട്ടാപ്പി സതീഷിനും (43), ഇയാളുടെ പഴയ കൂട്ടാളിയും ഇപ്പോള്‍ എതിര്‍ചേരിയില്‍പ്പെട്ടയാളുമായ സന്തോഷിനും(38) വെട്ടേറ്റു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സതീഷിനെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിലും സന്തോഷിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. പൊങ്കാലയുമായി ബന്ധപ്പെട്ട് നഗരം കനത്ത പൊലീസ് കാവിലിലായിരിക്കെയാണ് ഇന്നലെ രാവിലെ 11.45 ഓടെ നഗരവാസികളെയും ഭക്തരെയും നടുക്കി ഗുണ്ടകള് ഏറ്റുമുട്ടിയത്.
ലുട്ടാപ്പി സതീഷില്‍ നിന്ന് മുമ്പ് പണം പലിശയ്ക്കെടുത്തതിലെ കൊടുക്കല്‍വാങ്ങലുകളെ ചൊല്ലിയുണ്ടായ തര്‍ക്കത്തിലായിരുന്നു അക്രമം. പ്രദേശവാസിയായ ലുട്ടാപ്പി സതീഷ് അന്നദാന സ്ഥലത്തുണ്ടെന്നറിഞ്ഞ അക്രമികള്‍ ഇന്നോവ കാറില്‍ ആയുധങ്ങളുമായെത്തി അക്രമിക്കുകയായിരുന്നു. സാമ്പത്തിക ഇടപാടില്‍ കഴിഞ്ഞ ദിവസംഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായിരുന്നു.കാറിലെത്തിയ ഗുണ്ടാസംഘം വെട്ടുകത്തിയുമായി ചാടിയിറങ്ങി അന്നദാനത്തില്‍ പങ്കെടുത്തശേഷം വിശ്രമിക്കുകയായിരുന്ന സതീഷിനെ വളഞ്ഞു. കൂട്ടാളികളായ രണ്ടുപേരുടെ സഹായത്തോടെ സതീഷ് അക്രമികളെ ചെറുത്തതോടെ വലിയ സംഘര്‍ഷമായി. പൊങ്കാലയിടാനെത്തിയ സ്ത്രീകളുള്‍പ്പെടെയുള്ളവര്‍ നിലവിളിയും ബഹളവുമായി ഓടിക്കൂടിയെങ്കിലും പിന്‍മാറാന്‍ കൂട്ടാക്കാതിരുന്ന അക്രമികള്‍ പരസ്പരം വെട്ടുകയായിരുന്നു. പരിക്കേറ്റുവീണവരെ കൂടിനിന്നവര്‍ ആശുപത്രിയിലെത്തിച്ചു.