കോഴിക്കോട് ഫാത്തിമ ആശുപത്രിയിലെ ഡോക്ടറെ അക്രമിച്ച സംഭവം നടന്ന് ഒരാഴ്ച പിന്നിട്ടിട്ടും പ്രതികളെ അറസ്റ്റ് ചെയ്യുവാൻ വൈകുന്നതിൽ പ്രതിഷേധിച്ച് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ പ്രത്യക്ഷ സമരത്തിലേക്ക്. മാർച്ച് പതിനേഴാം തീയതി ( 17.03.2023) സംസ്ഥാനത്ത് മെഡിക്കൽ സമരം നടത്തുമെന്ന് ഐ.എം.എ. സംസ്ഥാന പ്രസിഡന്റ് ഡോ. സുൾഫി നൂഹു, സംസ്ഥാന സെക്രട്ടറി ഡോ. ജോസഫ് ബെനവൻ എന്നിവർ വാർത്താ സമ്മേളനത്തിൽ അിറയിച്ചു.
17-ന് രാവിലെ 6 മണി മുതൽ വൈകുന്നേരം 6 മണി വരെ ചികിത്സയിൽ നിന്നും മാറിനിന്നാണ് മെഡിക്കൽ സമരം നടത്തുക.
ദിവസത്തിൽ ഒന്ന് എന്ന കണക്കിലാണ് സംസ്ഥാനത്ത് നിലവിൽ അഞ്ചു ദിവസത്തിൽ ആശുപത്രി അക്രമങ്ങൾ നടക്കുന്നത്. കഴിഞ്ഞ മൂന്ന് വർഷങ്ങൾക്കിടയിൽ ഏതാണ്ട് 200-ലേറെ ആശുപത്രി അക്രമങ്ങൾ കേരളത്തിൽ നടന്നിട്ടുണ്ട്.
ആശുപത്രി സംരക്ഷണ നിയമം പരിഷ്കരിച്ച് പുതിയ രീതിയിൽ കൊണ്ടുവരുവാൻ സർക്കാർ എടുത്ത തീരുമാനത്തെ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ സഹർഷം സ്വാഗതം ചെയ്യുന്നു.
എന്നാൽ ഈ കഴിഞ്ഞ ദിവസങ്ങളിൽ കോഴിക്കോട് ഫാത്തിമ ആശുപത്രിയിൽ ഡോക്ടർക്കെതിരെ നടന്ന കൊലപാതകശ്രമം ഞെട്ടിപ്പിക്കുന്നതാണ്.
പോലീസിന്റെ സാന്നിദ്ധ്യത്തിൽ നടന്ന ആക്രമണം കഴിഞ്ഞ് ഒരാഴ്ച കഴിഞ്ഞിട്ടും എല്ലാ പ്രതികളെയും അറസ്റ്റ് ചെയ്യുവാൻ കഴിഞ്ഞിട്ടില്ല.
ആശുപത്രി അക്രമങ്ങൾ സംബന്ധിച്ച് ബഹുമാനപ്പെട്ട കോടതികൾ നൽകിയ നിർദ്ദേശങ്ങളും സംസ്ഥാനത്ത് പാലിക്കപ്പെടാത്തതിൽ ഡോക്ടർമാർ അടങ്ങുന്ന സമൂഹം ആശങ്കയിലുമാണ്.
കേരളത്തിൽ പ്രാക്ടീസ് ചെയ്യുന്ന ഡോക്ടർമാരുടെ അതീവ ഉത്കണ്ഠയും ആകാംക്ഷയും ഉൾക്കൊണ്ടുകൊണ്ട്, നിർഭയം ആത്മവിശ്വാസത്തോടെ ചികിത്സ നടത്തുവാനുളള അന്തരീക്ഷം ഉണ്ടാകണമെന്ന് ഇന്ത്യൻ മെഡിക്കൽ ആവശ്യപ്പെട്ടു