പത്തനംതിട്ട: കോന്നി കിഴവള്ളൂരില്‍ വാഹനാപകടത്തിന് കാരണമായ കെ.എസ്.ആര്‍.ടി.സി. ബസിന്റെ ഫിറ്റ്‌നെസ് റദ്ദാക്കും.ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുന്നത് ഉള്‍പ്പെടെയുള്ള നടപടികളെടുക്കുമെന്ന് മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു. സി.സി. ടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് തുടര്‍ നടപടികള്‍.
കെ.എസ്.ആര്‍.ടി.സി. ഡ്രൈവറുടെ ഭാഗത്തുനിന്നുള്ള അനാസ്ഥയാണ് അപകട കാരണമെന്ന് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഡബിള്‍ മഞ്ഞ ലൈന്‍ ഇട്ടിരുന്ന ഭാഗത്തിലൂടെയാണ് ബസ് ട്രാക്ക് മറികടന്ന് അപകടമുണ്ടായത്.കൂട്ടിയിടിച്ച കാറും മഞ്ഞ വര കടന്നിരുന്നു. കാറിലിടിച്ച ബസ് പള്ളിയുടെ ചുറ്റുമതിലും കമാനവും തകര്‍ത്തിരുന്നു. ശനിയാഴ്ചയായിരുന്നു അപകടം. പത്തനംതിട്ടയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന കെ.എസ്.ആര്‍.ടി.സി. ഫാസ്റ്റ് പാസഞ്ചര്‍ ബസാണ് കോന്നി ബ്ലോക്ക് പഞ്ചായത്ത് ഓഫീസിന് മുന്നില്‍ വച്ച് അപകടത്തില്‍പ്പെട്ടത്. അതിവേഗതയില്‍ വരുകയായിരുന്നു കെ.എസ്.ആര്‍.ടി.സി. ബസ് എതിരെ വന്ന കാറിനെ ആദ്യം ഇടിക്കുകയായിരുന്നു. തുടര്‍ന്ന് നിയന്ത്രണംവിട്ട ബസ് കിഴവള്ളൂര്‍ ഓര്‍ത്തഡോക്‌സ് വലിയ പള്ളിയുടെ മതിലിലിടിക്കുകയും കമാനം തകര്‍ന്ന് ബസിന് മുകളില്‍ വീഴുകയും ചെയ്തു.കോണ്‍ക്രീറ്റ് പാളികളും ഇഷ്ടികകളും ബസിന് മുകളിലേത്ത് വീണതോടെയാണ് കൂടുതല്‍ പേര്‍ക്കും അപകടമുണ്ടായത്. ബസിലുണ്ടായ 15 പേര്‍ക്കും കാറിലുണ്ടായിരുന്ന 2 പേര്‍ക്കുമാണ് പരിക്കേറ്റത്. കാറിലുണ്ടായിരുന്ന രണ്ട് പേരും അന്യസംസ്ഥാന ജോലിക്കാരാണ്.