പുല്‍പ്പള്ളി: വയനാട്ടില്‍ കാട്ടാനയുടെ ആക്രമണത്തില്‍ വയോധികയ്ക്ക് ഗുരുതര പരിക്ക്.വനാതിര്‍ത്തിയിലുള്ള ചേകാടി കട്ടക്കണ്ടി കോളനിയിലെ കാളി(67)ക്കാണ് ഗുരുതര പരിക്കേറ്റത്.ആക്രമണത്തില്‍ കാളിയുടെ വലതുകാല്‍ മുട്ടിന്‍റെ ചിരട്ടയ്ക്ക് പൊട്ടലും ഇടത് കാലിന് മുറിവും എല്ലിന് പൊട്ടലും ഉണ്ടായിട്ടുണ്ട്. കൂടാതെ തലയ്ക്ക് ക്ഷതവും ഇടതു ചെവി അറ്റ നിലയിലുമാണ്.ഞായറാഴ്ച ഉച്ചയ്ക്കു ശേഷമാണ് സംഭവം. പുല്‍പ്പള്ളി ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയിലെ ചേകാടി പുഞ്ചകൊല്ലിയിലാണ് കാട്ടാനയുടെ ആക്രമണമുണ്ടായത്.വീടിന് സമീപം മേയാന്‍ വിട്ട പശുവിന് വെള്ളം കൊടുക്കാന്‍ പോയതായിരുന്നു കാളി. ഈ സമയത്തായിരുന്നു കാട്ടാനയുടെ ആക്രമണം.സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ വനപാലകര്‍ കാളിയെ മാനന്തവാടി മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും പ്രാഥമിക ചികിത്സയ്ക്ക് ശേഷം വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് കൊണ്ടു പോയി.