കഴക്കൂട്ടം: വീട്ടില്‍ നിന്ന് സുഹൃത്ത് വിളിച്ചിറക്കി കൊണ്ടുപോയ പതിനേഴുകാരനായ യുവാവ് ദുരൂഹസാഹചര്യത്തില്‍ മരിച്ചു.ലഹരിവസ്‌തു ഉപയോഗിച്ചതാകാം മരണകാരണമെന്നാണ് സംശയം. പെരുമാതുറ തെരുവില്‍ വീട്ടില്‍ സുല്‍ഫീക്കര്‍- റജില ദമ്പതികളുടെ മകന്‍ ഇര്‍ഫാനാണ് (17) ഇന്നലെ പുലര്‍ച്ചെ മരിച്ചത്. പെരുമാതുറ ഫിഷിംഗ് ഹാര്‍ബറിലെ തൊഴിലാളിയായ ഇര്‍ഫാന്‍ ജോലികഴിഞ്ഞ് വീട്ടിലെത്തി ആഹാരം കഴിച്ച് ഉറക്കത്തിലായിരുന്നു. ഇതിനിടെ സുഹൃത്ത് ഇര്‍ഫാന്റെ ഫോണിലേക്ക് നിരന്തരം വിളിച്ചെങ്കിലും എടുത്തില്ലെന്ന് മാതാവ് പറഞ്ഞു. തുടര്‍ന്ന് വൈകിട്ട് 6.30ഓടെ സ്‌കൂട്ടറില്‍ എത്തിയ സുഹൃത്താണ് ഇര്‍ഫാനെ വീട്ടില്‍ നിന്ന് വിളിച്ചുകൊണ്ടുപോവുകയും 7.30ന് തിരികെ കൊണ്ടുവിടുകയും ചെയ്‌തത്. ഇതിനിടെ സമീപത്തെ റോഡിലുണ്ടായ അപകടം നോക്കാനായി വീട്ടുകാർ പോയിരുന്നു. അവര്‍ തിരികെ എത്തിയപ്പോഴാണ് ഛര്‍ദ്ദിച്ച് അവശനിലയിലായ ഇര്‍ഫാനെ കണ്ടത്. ചില സുഹൃത്തുക്കള്‍ ചേര്‍ന്ന് എന്തോ മയക്കുമരുന്ന് മണപ്പിച്ചുവെന്ന് ഇര്‍ഫാന്‍ പറഞ്ഞതായി മാതാവ് റജില പറഞ്ഞു.മാതാവ് ഉടന്‍ തന്നെ ഇര്‍ഫാനെ സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. പ്രാഥമിക ചികിത്സയ്‌ക്ക് ശേഷം വീട്ടില്‍ മടങ്ങിയെത്തിയെങ്കിലും രാത്രി 1ഓടെ ഇര്‍ഫാന്റെ ആരോഗ്യസ്ഥിതി ഗുരുതരമാവുകയായിരുന്നു. മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.