തിരുവനന്തപുരം :- നിത്യ ഹരിത നായകൻ പ്രേം നസീറിന്റെ പേരിൽ സർക്കാർ അനുവദിച്ച നന്തൻ ക്കോട് റൗണ്ട് എമ്പോട്ടിലെ പ്രേം നസീർ സ്ക്വയറിനെതിരെ നാട്ടുകാർ ശക്തമായ എതിർപ്പുമായി രംഗത്ത്. ഇതിനെ തുടർന്ന് മാർച്ച് 27 ന് നിശ്ചയിച്ചിരുന്ന സ്ക്വയർ നിർമ്മാണ പ്രവർത്തന ഉദ്ഘാടനം താൽക്കാലികമായി മാറ്റി വെച്ചതായി പ്രേം നസീർ സുഹൃത് സമിതി ഭാരവാഹികളായ തെക്കൻ സ്റ്റാർ ബാദുഷയും പനച്ചമൂട് ഷാജഹാനും പ്രസ്താവനയിലൂടെ അറിയിച്ചു. നാട്ടുകാർക്കിടയിൽ തെറ്റിദ്ധാരണ പടർത്തുന്ന വിഷയങ്ങൾ വന്നത് ഖേദകരമാണെന്നും ഇതിനെതിരെ പോസ്റ്ററുകൾ ഇറക്കുകയും ഒപ്പുശേഖരണം നടത്തുന്നതും ഒരു കലാകാരനോട് ചെയ്യുന്ന ക്രൂരതയാണെന്നും ഭാരവാഹികൾ അറിയിച്ചു. നഗരസഭ 2020 – ൽ അനുമതി നൽകിയതാണ് നന്തൻ ക്കോട് റൗണ്ട് എ മ്പോട്ട് പ്രേം നസീർ സ്ക്വയർ എന്ന് നാമകരണം ചെയ്യുവാൻ . അന്ന് എല്ലാ മാധ്യമങ്ങളും ഇത് റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ പൊതുമരാമത്തു വകുപ്പിന്റെ പ്രത്യേക അനുവാദം ആവശ്യമായതിനാൽ അന്ന് മേയറായിരുന്ന കെ.ശ്രീകുമാർ പ്രത്യേക താൽപര്യമെടുത്ത് അന്നത്തെ പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരൻ സ്ക്വയറിന് സർക്കാർ അനുമതിയും നൽകി. നീണ്ട നാളത്തെ പരിശോധനകളും ചർച്ചകളും പൂർത്തിയായശേഷമാണ് പൊതുമരാമത്ത് സിറ്റി റോഡ് സ് സബ് ഡി വിഷനുമായി സമിതി കരാർ ഒപ്പു വെയ്ക്കുകയും നിർമ്മാണം ആരംഭിക്കുവാനും തീരുമാനിച്ചത്. നിർമ്മാണ പ്രവർത്തനങ്ങൾ അന്തിമഘട്ടത്തിലെത്തിയപ്പോഴാണ് നാട്ടുകാർ എതിർപ്പുമായി രംഗത്ത് വരുകയും ഒപ്പുശേഖരണം ആരംഭിക്കുകയും ചെയ്തത്. സ്ഥലം എം.എൽ.എ., വാർഡ് കൗൺസിലർ എന്നിവർക്ക് ഇതിനെതിരെ പരാതിയും നൽകി. സമിതി ഭാരവാഹികൾ എം.എൽ.എ., വാർഡ് കൗൺസിലർ എന്നിവരുമായി ചർച്ച നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് നിർമ്മാണ പ്രവർത്തനം മാറ്റിവെയ്ക്കുന്നത്. ബന്ധപ്പെട്ട നാട്ടുകാരും രാഷ്ടീയകക്ഷി നേതാക്കളും തമ്മിൽ ചർച്ച നടത്തി അനുകൂല തീരുമാനമെടുക്കുകയോ, അല്ലാത്ത പക്ഷം മറ്റൊരിടം അനുവദിക്കുന്നതിന് നടപടികൾ എടുക്കുകയോ വേണമെന്ന് ഭാരവാഹികൾ എം.എൽ.എ. അഡ്വ.വി.കെ. പ്രശാന്തിനോട് ആവശ്യപ്പെട്ടു. എല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കിയ ഒരു വലിയ കലാകാരന്റെ പേരിലുള്ള സ്ക്വയറിനെ എതിർക്കപ്പെടുന്നതിനെതിരെ വിവിധ കോണുകളിൽ നിന്നും പ്രതിഷേധവുമുണ്ടായി.