കൊച്ചി: കൊച്ചിയിലെ പ്രമുഖ വ്യാപാര സ്ഥാപനങ്ങളില്‍ ഓണ്‍ലൈന്‍ ഓര്‍ഡര്‍ അനുസരിച്ച് മല്‍സ്യങ്ങള്‍ എത്തിച്ച് നല്‍കുന്നതിന്റെ മറവില്‍ മയക്ക് മരുന്ന് വില്‍പ്പന നടത്തി വന്ന യുവാവ് എക്സൈസിന്റെ പിടിയില്‍.കണയന്നൂര്‍ താലൂക്ക്, നടമ വില്ലേജില്‍, ചമ്ബക്കര പെരിക്കാട് ദേശത്ത്, മാപ്പുംഞ്ചേരി വീട്ടില്‍ മിലന്‍ ജോസഫ് (29) ആണ് എറണാകുളം ടൗണ്‍ നോര്‍ത്ത് എക്സൈസിന്റെ പിടിയിലായത്. ഉപഭോക്താക്കളുടെ ഇടയില്‍ ഇയാള്‍ “ചൂണ്ട സുനി ” എന്നാണ് അറിയപ്പെട്ടിരുന്നത്. വില്‍പ്പനക്കായി ചെറുപൊതികളില്‍ സൂക്ഷിച്ചിരുന്ന 2.210 ഗ്രാം എംഡിഎംഎ ഇയാളുടെ പക്കല്‍ നിന്ന് പിടിച്ചെടുത്തു. കൊച്ചിയില്‍ നിന്ന് ബൈക്ക് റൈഡിംഗ് എന്ന വ്യാജേന ബാംഗ്ലൂരില്‍ പോയി അവിടെ നിന്ന് വന്‍തോതില്‍ രാസലഹരി കടത്തികൊണ്ട് വന്ന് എറണാകുളം ടൗണ്‍ പരിസരങ്ങളില്‍ വില്‍പ്പന നടത്തി വരുകയായിരുന്നു. ഇടനിലക്കാര്‍ ഇല്ലാതെ, ബാംഗ്ലൂരില്‍ നിന്ന്നേരിട്ട് എത്തിക്കുന്ന ” യെല്ലോ മെത്ത് ” എന്ന പേരില്‍ ഗ്രാമിന് ₹ 4000 മുതല്‍ 6000 രൂപ വരെയുള്ള നിരക്കിലായിരുന്നു ഇയാള്‍ രാസലഹരി വിറ്റഴിച്ചിരുന്നത്. മല്‍സ്യവില്‍പ്പന രംഗത്തേക്ക് കൂടുതല്‍ ആളുകള്‍ കടന്നു വന്നതിനാല്‍ ഈ മേഖലയില്‍ കച്ചവടം കുറഞ്ഞപ്പോഴാണ് ഇയാള്‍ മയക്ക് മരുന്ന് വില്‍പ്പനയിലേക്ക് തിരിഞ്ഞത് എന്ന് ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തി. ഇടപ്പള്ളി – കൂനംതൈ ഭാഗങ്ങളില്‍ മല്‍സ്യങ്ങള്‍ എത്തിച്ച് നല്‍കുന്നതിന്റെ മറവില്‍ യുവതി-യുവാക്കള്‍ക്കിടയില്‍ ഒരാള്‍ വൈകുന്നേരം സമയങ്ങളില്‍ രാസലഹരി വില്‍പ്പന നടത്തുന്നുവെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ എന്‍ഫോഴ്സ്മെന്റ് അസ്സി. കമ്മീഷണര്‍ ബി.ടെനിമോന്റെ മേല്‍നോട്ടത്തിലുള്ളസംഘം ഇയാള്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ ഊര്‍ജ്ജിതമാക്കുകയായിരുന്നു. ഇടപ്പള്ളി ഓവര്‍ ബ്രിഡ്ജിന് പടിഞ്ഞാറ് വശം മയക്ക് മരുന്ന് കൈമാറുന്നതിന് ആവശ്യക്കാരെ കാത്തു നില്‍ക്കുകയായിരുന്ന ഇയാളെ എക്സൈസ് സംഘം വളയുകയായിരുന്നു. പിടിയിലാക്കുമെന്ന് മനസ്സിലായപ്പോള്‍ മയക്ക്മരുന്ന് അടങ്ങിയ പാക്കറ്റുകള്‍ ഇയാള്‍ വിഴുങ്ങി കളയാന്‍ ശ്രമിച്ചുവെങ്കിലും എക്സൈസ് സംഘത്തിന്റെ സംയോജിതമായഇടപെടല്‍ മൂലം വിജയിച്ചില്ല.
ഇത്തരത്തിലുള്ള രാസലഹരി അരഗ്രാമില്‍ കൂടുതല്‍ കൈവശം വയ്ക്കുന്നത് 10 വര്‍ഷം വരെ കഠിനതടവും ഒരു ലക്ഷം രൂപ വരെ പിഴയും കിട്ടാവുന്ന കുറ്റകൃത്യമാണ്. ബാംഗ്ലൂരില്‍ നിന്ന് ഇയാള്‍ മയക്ക് മരുന്ന് വാങ്ങിയ ആളുകളെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടുള്ളതായും വരും ദിവസങ്ങളില്‍ കൂടുതല്‍ അറസ്റ്റ് ഉണ്ടാകുന്നതാണെന്നും, അധികൃതര്‍ അറിയിച്ചു.