കളമശേരി: ടാങ്കര്‍ ലോറി സ്കൂട്ടറിനു പിന്നില്‍ ഇടിച്ച് ദമ്പതികള്‍ക്കു ദാരുണാന്ത്യം. സ്കൂട്ടര്‍ യാത്രക്കാരായ ആലുവ തോട്ടയ്ക്കാട്ടുകര പമ്പിനു സമീപത്തെ കാഞ്ഞിരത്തില്‍ പുത്തന്‍വീട്ടില്‍ (ഉഷസ്) ഉമേഷ് ബാബു എസ് (55), ഭാര്യ നിഷ (46) എന്നിവരാണു മരിച്ചത്.ഇന്നലെ രാത്രി 7.30 ഓടെ കളമശേരി അപ്പോളോയ്ക്ക് എതിര്‍വശം മെട്രോ പില്ലര്‍ നമ്പര്‍ 2.54 ന് മുമ്പിലാണ് അപകടമുണ്ടായത്.
എറണാകുളം-ആലുവ റോഡിലൂടെ പോകവെയാണ് ഇരുവാഹനങ്ങളും അപകടത്തില്‍പ്പെട്ടത്. ആലുവ ഭാഗത്തേക്ക് പോകുകയായിരുന്ന ടിഎന്‍30 ബിക്യു 5440 ടാങ്കര്‍ ലോറി ഇതേ ദിശയിലേക്കുതന്നെ ദമ്പതികള്‍ സഞ്ചരിച്ചിരുന്ന സ്‌കൂട്ടറിനു പിന്നില്‍ വന്നിടിക്കുകയും ഇവര്‍ ലോറിക്കടിയില്‍പ്പെടുകയുമായിരുന്നു.ഇരുവരുടെയും ശരീരത്തിലൂടെ ലോറി കയറിയിറങ്ങി. നിഷയുടെ ശരീരത്തിലൂടെകയറിയിറങ്ങിയ ടാങ്കര്‍, ഇടത് പിന്‍ചക്രത്തില്‍ കുരുങ്ങിയ ഉമേഷ് ബാബുവുമായി അമ്പത് മീറ്ററോളം നിരങ്ങി നീങ്ങി. ഇരുവരും സംഭവസ്ഥലത്തുതന്നെ മരിച്ചു. ഉമേഷിനെ ടാങ്കിന്‍റെ ടയറിന്‍റെ ഇടയില്‍നിന്നു നാട്ടുകാര്‍ പുറത്തെടുക്കുകയായിരുന്നു.