റാന്നി: വണ്‍വേ തെറ്റിച്ചു വന്ന് വീട്ടമ്മയെ ഇടിച്ചു വീഴ്ത്തി നിര്‍ത്താതെ പോയ ബൈക്ക് യാത്രികനെ പോലീസ് അറസ്റ്റ് ചെയ്തു.മലയാലപ്പുഴ ചീങ്കല്‍ത്തടം ചെറാടി തെക്കേച്ചരുവില്‍ സി.ആര്‍. രാഹുലിനെ(26)നെയാണ് എസ്.ഐ ശ്രീജിത്ത് ജനാര്‍ദനന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.
അപകടമുണ്ടാക്കിയ ബൈക്ക് രൂപമാറ്റം വരുത്തുകയും വീട്ടില്‍ ഒളിപ്പിക്കുകയും ചെയ്തിരുന്നുവെന്ന് പോലീസ് പറഞ്ഞു.
പിടിക്കപ്പെടാതിരിക്കാന്‍ ബസിലും സുഹൃത്തിന്റെ ബൈക്കിലുമായിട്ടാണ് ഇയാള്‍ യാത്ര ചെയ്തിരുന്നത്. പുനലൂര്‍-മൂവാറ്റുപുഴ സംസ്ഥാന പാതയില്‍ ഇട്ടിയപ്പാറയില്‍ ജനുവരി 31 രാവിലെ 7.58 നാണ് അപകടമുണ്ടായത്. വണ്‍വേ നിയമങ്ങള്‍ പാലിക്കാതെ ഓടിച്ചു വന്ന കറുത്ത ഹീറോ ഹോണ്ട സ്‌പ്ലെണ്ടര്‍ മോട്ടോര്‍ സൈക്കിള്‍ ഇട്ടിയപ്പാറയിലെ ചെറുവട്ടക്കാട്ട് ബേക്കറിക്ക് മുന്‍വശംറോഡ് മുറിച്ചു കടക്കാന്‍ ശ്രമിച്ച മറിയാമ്മ (57)യെയാണ് ഇടിച്ചുതെറിപ്പിച്ചത്.
വലതുകാലിന്റെ അസ്ഥിക്ക് അഞ്ചു പൊട്ടലുകളുണ്ടായ വീട്ടമ്മയെ ആശുപത്രിയില്‍ എത്തിക്കാനോ പോലീസില്‍ അറിയിക്കാനോ ശ്രമിക്കാതെ ബൈക്ക് ഓടിച്ചയാള്‍ രക്ഷപ്പെടുകയായിരുന്നു.