ചെറുതോണി: കടബാധ്യതയെതുടര്‍ന്ന് വ്യാപാരികളായ ദമ്പതികള്‍ വിഷം കഴിച്ച് ജീവനൊടുക്കി. ഇവരുടെ മൂന്നു മക്കളെ വിഷം ഉള്ളില്‍ച്ചെന്ന നിലയില്‍ ഇടുക്കി മെഡിക്കല്‍ കോളജാശുപത്രിയിൽ പ്രവേശിപ്പിച്ചു.കടബാധ്യതയെ തുടര്‍ന്ന് മക്കള്‍ക്കു വിഷം കൊടുത്ത ശേഷം ദമ്പതികള്‍ വിഷം കഴിച്ചു ജീവനൊടുക്കിയതാണെന്നാണ് പ്രാഥമിക വിവരം.കഞ്ഞിക്കുഴി ടൗണില്‍ ചായക്കട നടത്തുന്ന ഇടുക്കി പുന്നയാര്‍ കാരാടിയില്‍ ബിജു (46), ഭാര്യ ടിന്‍റു (40) എന്നിവരാണു മരിച്ചത്. ഇവരുടെ മൂന്ന് കുട്ടികള്‍ ഇടുക്കി മെഡിക്കല്‍ കോളജാശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. പതിനൊന്ന് വയസുള്ള പെണ്‍കുട്ടിയും എട്ടും, രണ്ടും വയസ്സുള്ള ആണ്‍കുട്ടികളുമാണ് ചികിത്സയില്‍ കഴിയുന്നത്. ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. ബിജുവും ടിന്‍റുവും കഞ്ഞിക്കുഴിയില്‍ ചെറുകിട ഹോട്ടല്‍ നടത്തുകയാണ്.ഇന്നലെ ഇവര്‍ കടതുറന്നില്ല. ഇവര്‍ക്ക് അയല്‍ക്കൂട്ടങ്ങളില്‍ നിന്നുള്‍പ്പെടെ ലക്ഷക്കണക്കിന് രൂപയുടെ കടബാധ്യതയുണ്ടെന്ന് പറയുന്നു. ഉച്ചയോടെ മൂത്ത പെണ്‍കുട്ടി സമീപത്തെ വീട്ടിലെത്തി വിവരം അറിയിക്കുമ്പോഴാണ് അയല്‍വാസികള്‍ സംഭവം അറിയുന്നത്. ഇവരറിയിച്ചതിനെ തുടര്‍ന്ന് കഞ്ഞിക്കുഴി വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ആംബുലന്‍സെത്തി നാലു പേരെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ഇതിനിടെ ഡ്രൈവര്‍ കുട്ടികള്‍ക്ക് ഉപ്പുവെള്ളം നല്‍കിഛര്‍ദ്ദിപ്പിച്ചതിനാല്‍ കുട്ടികള്‍ രക്ഷപെട്ടു. ഇതിനിടെ രക്ഷാപ്രവര്‍ത്തകര്‍ക്ക് ഇളയ കുട്ടിയെ ശ്രദ്ധയില്‍പ്പെട്ടിരുന്നില്ല. പിന്നീട് കഞ്ഞിക്കുഴി പോലീസെത്തിയാണ് ഇളയ കുട്ടിയെ ഇടുക്കി മെഡിക്കല്‍ കോളജാശുപത്രിയില്‍ എത്തിച്ചത്.
ബിജുവിന്‍റെ മാതാവ് ഇന്നലെ രാവിലെ ഇവരുടെ വീട്ടിലുണ്ടായിരുന്നു. ഇവര്‍ കഞ്ഞിക്കുഴിക്ക് പോയ സമയത്താണ് ദമ്പതികള്‍ വിഷം കഴിച്ചത്.