മാവേലിക്കര: കിണറ്റില്‍ വീണ കുരുന്നിന് രക്ഷയായത് എട്ടു വയസ്സുകാരിയായ സഹോദരി. മാവേലിക്കരയിലെ മാങ്കാംകുഴിയിലാണ് സംഭവം. മുറ്റത്തു കളിച്ചു കൊണ്ടിരുന്ന കുഞ്ഞ് കിണറ്റില്‍ വീണ് മുങ്ങിത്താഴ്ന്നപ്പോള്‍ കണ്ടുവന്ന സഹോദരി കുഞ്ഞനുജന്റെ ജീവന്‍ രക്ഷിക്കാന്‍ പൈപ്പിലൂടെ ഊര്‍ന്നിറങ്ങി പൊക്കിയെടുത്തുതയായിരുന്നു. കല്ലിത്തുണ്ടം പറങ്കാംകൂട്ടത്തില്‍ വാടകയ്ക്കു താമസിക്കുന്ന കുടുംബത്തിലെ മൂത്തമകളായ ദിയ ഫാത്തിമയാണ് അതിസാഹസികമായാണ് അനുജന്‍ ഇവാന്റെ (അക്കു) ജീവന്‍ തിരികെ പിടിച്ചത്. കിണറിന് 20 അടിയിലേറെ താഴ്ചയുണ്ട്. കുഞ്ഞനുജന്‍ വെള്ളത്തില്‍ കിടന്ന് പ്രാണന് വേണ്ടി പിടഞ്ഞപ്പോള്‍ മറ്റൊന്നും നോക്കാതെ ഈ മിടുക്കി കിണറ്റിലേക്ക് ഇറങ്ങുക ആയിരുന്നു. ഇന്നലെ വൈകിട്ട് അഞ്ചോടെയാണ് സംഭവം. മാതാവ് ഷാജില മുറ്റത്തു പാത്രം കഴുകുകയായിരുന്നു. ദിയയും അനുജത്തി ദുനിയയും അയയില്‍ നിന്നു വസ്ത്രങ്ങള്‍ എടുക്കുന്നതിനിടെ കണ്ണു വെട്ടിച്ചാണ് ഇവാന്‍ കിണറിനടുത്തുള്ള പമ്ബില്‍ ചവിട്ടി, ഇരുമ്ബുമറയുള്ള കിണറിനു മുകളില്‍ കയറിയത്. തുരുമ്ബിച്ച ഇരുമ്ബുമറയുടെ മധ്യഭാഗം തകര്‍ന്ന് കുട്ടി കിണറ്റിലേക്ക് വീഴുകയായിരുന്നു.ശബ്ദം കേട്ട് വീട്ടിലുള്ളവരോടി എത്തി. അപ്പോഴാണ് വെള്ളത്തില്‍ കിടന്ന് കൈകാലിട്ടടിക്കുന്ന കുരുന്നിനെ കണ്ടത്.ഇഥോടെ കുഞ്ഞനുജനെ രക്ഷിക്കാന്‍ ദിയ കിണറ്റിലേക്ക് പൈപ്പ് വഴി ഊര്‍ന്നിറങ്ങുക ആയിരുന്നു. വെള്ളത്തില്‍ മുങ്ങിപ്പൊങ്ങിയ ഇവാനെ പിടിച്ചുയര്‍ത്തി മാറോടു ചേര്‍ത്തു. മറ്റേ കൈകൊണ്ടു പൈപ്പില്‍ പിടിച്ചു കിടന്നു. ഷാജിലയുടെ നിലവിളി കേട്ട് ഓടിയെത്തിയ അയല്‍ക്കാരായ അഖില്‍ ചന്ദ്രന്‍, ബിനോയി, അതിഥിത്തൊഴിലാളി മുന്ന എന്നിവരുടെ നേതൃത്വത്തില്‍ രണ്ടു കുട്ടികളെയും കിണറ്റില്‍ നിന്നു പുറത്തെടുത്തു.തലയില്‍ ചെറിയ മുറിവേറ്റ ഇവാന്‍ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രി ശിശു തീവ്രപരിചരണ വിഭാഗത്തില്‍ നിരീക്ഷണത്തിലാണ്. ആശങ്ക വേണ്ടെന്നു ഡോക്ടര്‍മാര്‍ വ്യക്തമാക്കി. ദിയയ്ക്കു പരുക്കില്ല. ഇവാന്റെ പിതാവ് ആലപ്പുഴ സ്വദേശി സനല്‍ എരുമേലിയിലെ ജോലി സ്ഥലത്തായിരുന്നു. വെട്ടിയാര്‍ ഇരട്ടപ്പള്ളിക്കൂടം ഗവ. സ്‌കൂളില്‍ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ദിയ.