വളാഞ്ചേരി : വളാഞ്ചേരിയില്‍ ഒരു കോടി 68 ലക്ഷം രൂപയുടെ കുഴല്‍പ്പണവുമായി യുവാക്കള്‍ പിടിയിലായി. ഊരകം സ്വദേശികളായ യഹിയ,മന്‌സൂര് എന്നിവരാണ് വളാഞ്ചേരി പൊലീസിന്റെ പിടിയിലായത്.രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ തിരൂര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് വളാഞ്ചേരിയില്‍ പരിശോധന നടന്നത്. വളാഞ്ചേരി പെരിന്തല്‍മണ്ണ റോഡിലായിരുന്നു പരിശോധന. സംശയാസ്പദമായ രീതിയില്‍ കണ്ടെത്തിയ വാഹനത്തില്‍ നടത്തിയ പരിശോധനയിലാണ് കുഴല്‍പ്പണം കണ്ടെടുത്തത്. കുറ്റിപ്പുറം ഭാഗത്തേക്ക് രേഖകള്‍ ഇല്ലാതെ കൊണ്ടുപോവുകയായിരുന്നു ഒരു കോടി 68 ലക്ഷം രൂപ. കാറിന്റെ ഹാന്റ് ബ്രേക്കിന്റെ അടിയില്‍ പ്രത്യേകം തയ്യാറാക്കിയ അറയിലാണ് ഇത്രയധികം പണം സൂക്ഷിച്ചിരുന്നത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തിവരികയാണ് പൊലീസ് അറിയിച്ചു.