തിരുവനന്തപുരം: ഹിന്ദു ധര്‍മ്മ പരിഷത്തിന്റെ ആഭിമുഖ്യത്തില്‍ അനന്തപുരി ഹിന്ദുമഹാസമ്മേളനം 2023 ഏപ്രില്‍ 21 മുതല്‍ 25 വരെ പുത്തരിക്കണ്ടം മൈതാനിയിലെ സ്വാമി സത്യാനന്ദ സരസ്വതി നഗറില്‍ നടക്കും. ‘നാരീ ശക്തി രാഷ്ട്ര പുനര്‍നിര്‍മാണത്തിന്’ എന്നുള്ളതാണ് ഈ വര്‍ഷത്തെ മുദ്രാവാക്യം. സമ്മേളനത്തില്‍ സ്ത്രീ ശാക്തീകരണത്തിനുള്ള വിവിധ പരിപാടികള്‍ ചര്‍ച്ചചെയ്യപ്പെടും. ഏപ്രില്‍ 20 വ്യാഴാഴ്ച വൈകുന്നേരം അഞ്ചിന് ആയിരക്കണക്കിന് വനിതകള്‍ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന്റെ കിഴക്കേ നടയില്‍ സഹസ്രദീപം പ്രോജ്ജ്വലനം നടത്തും. ശ്രീപത്മനാഭസ്വാമി ക്ഷേത്രം തന്ത്രി മുഖ്യന്‍ ബ്രഹ്മശ്രീ സതീശന്‍ നമ്പൂതിരിപ്പാട് ഭദ്രദീപം തെളിച്ച് ഉദ്ഘാടന കര്‍മ്മം നിര്‍വഹിക്കും. തിരുവിതാംകൂര്‍ രാജകുടുംബാംഗവും ശ്രീപത്മനാഭ സ്വാമിക്ഷേത്രം ഭരണസമിതി പ്രതിനിധിയുമായ ആദിത്യ വര്‍മ്മ, കലാസാംസ്‌കാരിക രംഗത്തെ പ്രമുഖര്‍, വിവിധ ആധ്യാത്മിക സമുദായിക രംഗത്തുള്ളവരും പങ്കെടുക്കും.
21ന് രാവിലെ 8. 30 മുതല്‍ ഒരു മണിവരെ സ്വാമി സത്യാനന്ദ സരസ്വതി നഗറില്‍ പ്രത്യേകം തയ്യാറാക്കിയ ഹോമ മണ്ഡപത്തില്‍ മഹാഗായത്രി ഹോമം നടക്കും. വൈകുന്നേരം അഞ്ചുമണിക്ക് അഞ്ചു ദിവസം നീണ്ടുനില്‍ക്കുന്ന മഹാ സമ്മേളനത്തിന്റെ ഉദ്ഘാടനം നടക്കും. ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമം അധ്യക്ഷന്‍ സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങള്‍, കൊളത്തൂര്‍ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി, പൂയം തിരുനാള്‍ ഗൗരി പാര്‍വതി ഭായി തമ്പുരാട്ടി, ഒ. രാജഗോപാല്‍, രാമസിംഹന്‍(അലി അക്ബര്‍), ഹിന്ദു ധര്‍മ്മ പരിഷത്ത് ചെയര്‍മാന്‍ ചെങ്കല്‍ എസ്. രാജശേഖരന്‍ നായര്‍, സ്വാഗതസംഘം ചെയര്‍മാന്‍ എ.ആര്‍. ഗിരീഷ് കുമാര്‍, ജനറല്‍ കണ്‍വീനര്‍ എ.കസ്തൂരി, നാരീശക്തി ചെയര്‍പേഴ്‌സണ്‍ ജയശ്രീ ഗോപാലകൃഷ്ണന്‍, പി പി മുകുന്ദന്‍,പി.പി മുകുന്ദന്‍, പി.അശോക് കുമാര്‍, മേനക സുരേഷ്, ഇ.എ. ഗോപാലകൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
ഉദ്ഘാടന സമ്മേളനത്തിനു ശേഷം ‘പുഴ മുതല്‍ പുഴ വരെ’ സിനിമയുടെ നിര്‍മ്മാതാവും സംവിധായകനുമായ രാമസിംഹനെ ആദരിക്കും. 22ന് രാവിലെ 8 മുതല്‍ വിവിധ പരിപാടികള്‍ സമ്മേളന വേദിയില്‍ നടക്കും. എല്ലാ ദിവസങ്ങളിലും സമ്മേളനവേദിയില്‍ വിവിധ വിഷയങ്ങളെ അധികരിച്ച് മൂന്ന് സെമിനാറുകള്‍ വീതം ഉണ്ടായിരിക്കും. കേരളത്തില്‍ നിന്നും പുറത്തു നിന്നുമുള്ള പ്രമുഖരായിരിക്കും സെമിനാറുകളിലെ ഓരോ സെഷനും നയിക്കുന്നത്. വൈകുന്നേരം 5ന് നടക്കുന്ന സമ്മേളന പരിപാടിയില്‍ ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ള മുഖ്യാതിഥി ആയിരിക്കും. ചടങ്ങില്‍ ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ ശശികല ടീച്ചര്‍ പ്രസംഗിക്കും. സമ്മേളനം നടക്കുന്ന വിവിധ ദിവസങ്ങളില്‍ കേന്ദ്രമന്ത്രി വി.മുരളീധരന്‍, മുന്‍ ഡിജിപി ടി.പി.സെന്‍കുമാര്‍, വിജിതമ്പി, എം.മോഹന്‍ തുടങ്ങിയ പ്രമുഖര്‍ പങ്കെടുക്കും. സമ്മേളന ദിവസങ്ങളില്‍ എല്ലാദിവസവും രാത്രി വിവിധ കലാപരിപാടികള്‍ സമ്മേളന നഗരിയില്‍ അവതരിപ്പിക്കും. 25ന് വൈകുന്നേരം നടക്കുന്ന സമാപന സമ്മേളനത്തോടെ ഈ വര്‍ഷത്തെ അനന്തപുരി ഹിന്ദുമഹാ സമ്മേളനം സമാപിക്കും.