കാളിയാര്‍: ജായ്ക്ക് ഹാമര്‍ ട്രാക്ടറിന്റെ ഗിയര്‍ ലിവറിന് ഇടയില്‍ കൈ കുടുങ്ങിയ തൊഴിലാളിയെ മൂന്ന് മണിക്കൂറിലേറെ നീണ്ട പരിശ്രമത്തിനൊടുവില്‍ രക്ഷിച്ചു.ഇന്നലെ രാവിലെ 7.15 ന് കാളിയാര്‍ മുള്ളന്‍കുത്തിയിലായിരുന്നു സംഭവം. തമിഴ്നാട് തേനി സ്വദേശി രാജാറാമാണ് (53) അപകടത്തില്‍പ്പെട്ടത്. മുള്ളന്‍ കുത്തിയില്‍ കിണര്‍ നിര്‍മ്മാണത്തിനായി കൊണ്ടു വന്നതായിരുന്നു ജാക്ക്ഹാമര്‍ ട്രാക്ടര്‍.
ഇതിന്റെ ഗിയര്‍ ബോക്‌സില്‍ ഡബിള്‍ ഗിയര്‍ വീണപ്പോള്‍ ശരിയാക്കുന്നതിനായി രാജാറാം മുകള്‍ഭാഗം അഴിച്ച് കൈ അകത്തേക്ക് കയറ്റിയപ്പോള്‍ ഉള്ളില്‍ കുടുങ്ങുകയായിരുന്നു. കൈ പുറത്തെടുക്കാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. മുമ്ബും ഇതുപോലെ ഗിയര്‍ബോക്‌സ് ശരിയാക്കുന്ന ആളായിരുന്നു രാജാറാം. തുടര്‍ന്ന് ഒരു മണിക്കൂറോളം ഡ്രൈവറുടെ സഹായിയും നാട്ടുകാരും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനംനടത്തിയെങ്കിലും രക്ഷിക്കാനായില്ല. തുടര്‍ന്ന് കാളിയാര്‍ പൊലീസ് തൊടുപുഴ അഗ്നിരക്ഷാസേനയെ വിവരമറിയിക്കുകയായിരുന്നു. ഉടന്‍ തന്നെ സേന മെഡിക്കല്‍ സംഘത്തോടൊപ്പം സ്ഥലത്തെത്തി. ആദ്യം രാജാറാമിന് പ്രാഥമിക ശുശ്രൂഷ നല്‍കി. തുടര്‍ന്ന് ഹൈഡ്രോളിക് സ്‌പ്രഡര്‍, ടോര്‍ച്ച് കട്ടര്‍ എന്നിവ ഉപയോഗിച്ച് മൂവാറ്റുപുഴയില്‍ നിന്നെത്തിയ ട്രാക്ടര്‍ മെക്കാനിക്കുമാരുടെ സഹായത്തോടെ ഗിയര്‍ ഷിഫ്‌റ്റിംഗ് ഷാഫ്‌റ്റ് മുറിച്ചു മാറ്റി 11 മണിയോടെ കൈ പുറത്തെടുക്കുകയായിരുന്നു. പിന്നീട് രാജാറാമിനെ തൊടുപുഴ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.