തൊടുപുഴ: വധശ്രമ കേസില്‍ അറസ്റ്റിലായ ശേഷം ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി ആറ് വര്‍ഷങ്ങള്‍ക്ക് ശേഷം പിടിയില്‍.വെള്ളൂര്‍കുന്നം പെരുമറ്റത്ത് മാളിയേക്കല്‍ താഴത്ത് വീട്ടില്‍ സുബിന്‍ സെയ്തുമുഹമ്മദാണ് (37) തൊടുപുഴ പൊലീസിന്റെ പിടിയിലായത്. 2016 ഡിസംബര്‍ 17നായിരുന്നു കേസിനാസ്പദമായ സംഭവം. തൊടുപുഴ മണവാട്ടി ഓട്ടോസ് എന്ന സ്ഥാപനത്തിലെ ജീവനക്കാരനെ ആറു പേരടങ്ങുന്ന സംഘം കാറില്‍ തട്ടിക്കൊണ്ട് പോയി തടങ്കലില്‍ വെച്ച് തുണിയില്‍ പൊതിഞ്ഞ ഇരുമ്പുകട്ടയ്ക്ക് ഇടിച്ച് പരിക്കേല്‍പ്പിക്കുകയായിരുന്നു.യുവാവിന് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. പ്രതിയായ സുബിന്‍ വര്‍ഷങ്ങളായി ഒളിവില്‍ പോയതിനെ തുടര്‍ന്ന് ഇയാളെ 2016ല്‍ ജാമ്യത്തിലിറക്കിയ രണ്ട് പേര്‍ക്ക് രണ്ട് ലക്ഷം രൂപ പിഴ ചുമത്താന്‍ തൊടുപുഴ രണ്ടാം അഡീഷണല്‍ സെഷന്‍സ് കോടതി ഉത്തരവിട്ടിരുന്നു.