കോട്ടയം: പൊന്‍കുന്നം ചാമംപതാലില്‍ വളര്‍ത്തുകാളയുടെ കുത്തേറ്റ് ഗൃഹനാഥന് ദാരുണാന്ത്യം. സംഭവിച്ചതിന്റെ ഞെട്ടലില്‍നിന്ന് മുക്തമാകാതെ പ്രദേശവാസികളും നാട്ടുകാരും.വാഴൂര്‍ വളര്‍ത്തുകാള ഉടമയുടെ ജീവനെടുത്തത് അപൂര്‍വ സംഭവമായിരിക്കുകയാണ്. സങ്കരയിനം വര്‍ഗത്തില്‍പെട്ട കാളയാണ് ആക്രമണകാരിയായത്. ഇത് പ്രത്യുല്‍പാദനശേഷി എത്തിയ അവസ്ഥയിലാണെന്ന് വെറ്ററിനറി ഡോക്ടര്‍മാര്‍ പറയുന്നു. ഈ സമയത്ത് ആക്രമണ സ്വഭാവം ഉണ്ടാകും. ചെറിയ എന്തെങ്കിലും അനിഷ്ടം ഉണ്ടായാല്‍പ്പോലും അത് ആക്രമണകാരിയാകുമെന്നാണ് വെറ്ററിനറി വിഭാഗം പറയുന്നത്.ആന്ത്രാക്‌സ് പോലെയുള്ള രോഗബാധ ഉണ്ടാകുമ്ബോഴും പേ പിടിച്ച മൃഗങ്ങള്‍ കടിച്ചാലും കന്നുകാലികള്‍ ആക്രമണകാരികളാകുമെന്നുംഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടി. രണ്ടുദിവസമായി കാള സ്വല്‍പം ആക്രമണകാരിയായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നുണ്ട്.ചേര്‍പ്പത്തുകവല കന്നുകുഴി ആലുംമൂട്ടില്‍ റെജി ജോര്‍ജാണ് വെള്ളിയാഴ്ച കാളയുടെ കുത്തേറ്റ് മരിച്ചത്. കന്നുകാലികളെ വളര്‍ത്തുന്ന റെജി ജോര്‍ജ് ഒന്നര വര്‍ഷം മുന്‍പാണു കറുപ്പ് നിറത്തിലുള്ള സങ്കരയിനം കാളയെ വാങ്ങിയത്. കാളയ്‌ക്കൊപ്പം ഒരു പോത്തിനെയും റെജി വളര്‍ത്തുന്നുണ്ട്. ഇവ രണ്ടിനെയും വില്‍ക്കാന്‍ തയാറെടുക്കുന്നതിനിടെയാണ് കാളക്കൂറ്റന്‍ റെജിയുടെ ജീവന്‍ കവര്‍ന്നത്. പുരയിടത്തിന് സമീപത്തെ തോട്ടത്തില്‍ കെട്ടിയിരുന്ന വളര്‍ത്തുകാളയെ മാറ്റി കെട്ടുന്നതിനിടെയാണ് റെജിക്ക് നേരെ ആക്രമണമുണ്ടായത്. 300 കിലോയോളം തൂക്കം വരുന്ന കാളക്കൂറ്റന്‍ മരത്തില്‍ ചേര്‍ത്തുവച്ച് ഇടിച്ചാണ് റെജിയെ ആക്രമിച്ചതെന്ന് പരിസരവാസികള്‍ പറഞ്ഞു.
രാവിലെ 11.30 ഓടെയാണ് സംഭവമുണ്ടായത്. ഈ സമയം വീട്ടില്‍ ദമ്ബതികള്‍ മാത്രമാണ് ഉണ്ടായിരുന്നത്.റെജിയുടെ വയറിലും നെഞ്ചിലും കാള കുത്തുകയായിരുന്നു. നിലത്ത് വീണ റെജിയുടെ നിലവിളി കേട്ടെത്തിയ ഭാര്യ ഡാര്‍ലിയെയും കാള ആക്രമിക്കുകയായിരുന്നു.
ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റ ഭാര്യ ഡാര്‍ലിയെ പാലായിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഡാര്‍ലിയുടെ കാലിലാണ് കുത്തേറ്റിരിക്കുന്നത്. ദേഹമാസകലം പരുക്കേറ്റിട്ടുണ്ട്. ബഹളം കേട്ടെത്തിയ പ്രദേശവാസികള്‍ റെജിയെ പൊന്‍കുന്നത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.