ത്യശൂര്‍: കുന്നംകുളം ഗവ. ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് കീഴിലുള്ള സ്‌കൂള്‍ ഗ്രൗണ്ടില്‍നിന്നും രണ്ടു ലക്ഷത്തോളം രൂപ വിലവരുന്ന അലൂമിനിയം പൈപ്പുകള്‍ മോഷ്ടിച്ച സംഭവത്തില്‍ മൂന്നുപേരെ കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തു.ഗ്രൗണ്ടിലെ സെക്യുരിറ്റി ജീവനക്കാരനായിരുന്ന എരുമപ്പെട്ടി സ്വദേശി ജോസ്, കൂറ്റനാട് സ്വദേശി കറുപ്പംവീട്ടില്‍ റാഫി, വെസ്റ്റ് ബംഗാള്‍ സ്വദേശി മംഗല്‍ബേര എന്നിവരെയാണ് കുന്നംകുളം സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ യു.കെ. ഷാജഹാന്റെ നിര്‍ദേശപ്രകാരം പ്രിന്‍സിപ്പല്‍ സബ് ഇന്‍സ്‌പെക്ടര്‍ ഷിജുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. സ്‌കൂള്‍ ഗ്രൗണ്ടില്‍ സ്ഥാപിക്കുന്നതിനായി വിദേശത്തുനിന്നും ഇറക്കുമതി ചെയ്ത അലൂമിനിയം പൈപ്പുകളാണ് മോഷണം പോയത്. സ്വകാര്യ കമ്ബനി കഴിഞ്ഞദിവസം പൈപ്പ് സ്ഥാപിക്കാനായി എത്തിയിരുന്നു.തുടര്‍ന്ന് ആറ് പൈപ്പുകള്‍ സ്ഥാപിക്കുകയും രണ്ടു പൈപ്പുകള്‍ ഗാലറിയില്‍ തന്നെ ഇടുകയും ചെയ്തു. ഈ പൈപ്പുകള്‍ സ്ഥാപിക്കാന്‍ സ്വകാര്യ കമ്പനിയുടെ ജീവനക്കാര്‍ എത്തിയപ്പോഴാണ് പൈപ്പുകള്‍ മോഷണം പോയ വിവരം അറിയുന്നത്. സ്‌കൂള്‍ അധികൃതര്‍ കുന്നംകുളം പോലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ്
സി.സി.ടിവി കാമറകള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത് .
.