കൊച്ചി : ബൈക്കില്‍ കയറ്റി കത്തികാട്ടി ഭീഷണിപ്പെടുത്തി ഹൈവേയില്‍ കവര്‍ച്ച നടത്തുന്ന സംഘം പാലാരിവട്ടം പൊലീസിന്റെ പിടിയിലായി.ആലുവ എടത്തല മാളികപ്പടി കളത്തിപ്പറമ്പില്‍ വീട്ടില്‍ ഷിഹാസ് (ഷിയ-30), കൊച്ചി നേവല്‍ ബേസ് കഠാരി ബാഗില്‍ ക്വാര്‍ട്ടേഴ്‌സ് നമ്പര്‍ 630ല്‍ ശരത്കുമാര്‍ (25) എന്നിവരാണ് അറസ്റ്റിലായത്.എറണാകുളം മെഡിക്കല്‍ സെന്റര്‍ ഭാഗത്ത് വാടകയ്ക്ക് താമസിക്കുന്ന തിരുവനന്തപുരം സ്വദേശിയും ടെക്‌നോപാര്‍ക്ക് ജീവനക്കാരനുമായ പ്രേംജിത്തിന്റെ രണ്ടര പവന്റെ മാലയും പാലാരിവട്ടം ബൈപാസിനു സമീപം ആലപ്പുഴയിലെ വീട്ടിലേക്കു പോകാന്‍ ബസ് കാത്തുനിന്ന ഷിയാസ് എന്നയാളുടെ ഐഫോണുമാണ് കവര്‍ന്നത്. പ്രേംജിത്തിനെ ഭയപ്പെടുത്തി ബൈക്കില്‍ കയറ്റി ഇരുട്ടുള്ള ഭാഗത്ത് ബൈക്ക് നിറുത്തി കത്തി വീശുകയായിരുന്നു.ഭയന്ന പ്രേംജിത് കുതറി ഓടിയപ്പോഴാണ് പ്രതികള്‍ മാല പറിച്ചെടുത്തത്.അഞ്ചു മിനുട്ടിനകം ഷിയാസിന്റെ ഫോണും ഇവര്‍ തട്ടിയെടുത്തു. ഇരുവരും പൊലീസില്‍ പരാതിപ്പെടുകയായിരുന്നു.