വര്‍ക്കല:കേരളത്തിനകത്തും പുറത്തുമായി 36 ഓളം വാഹനമോഷണക്കേസുകളിലെ പ്രതികളായി രണ്ട് പേരെ വര്‍ക്കല പൊലീസ് അറസ്റ്റ് ചെയ്തു.വര്‍ക്കലയിലും പരിസര പ്രദേശങ്ങളിലും നടന്ന വിവിധ മോഷണകേസുകളുമായി ബന്ധപ്പെട്ട് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് യുവാക്കള്‍ പിടിയിലാകുന്നത്.സംഭവത്തില്‍ വെട്ടൂര്‍ അയന്തി പുതുവല്‍ പുത്തന്‍വീട്ടില്‍ വിഷ്ണു (30),കല്ലമ്ബലം മാവിന്‍മൂട് പുതുവല്‍വിള വീട്ടില്‍ താരിഷ് എന്ന് വിളിക്കുന്ന കൃഷ്ണകുമാര്‍ (27) എന്നിവരെയാണ് വര്‍ക്കല പൊലീസ് അറസ്റ്റ് ചെയ്തത്.നിരവധി മോഷണ കേസുകളില്‍ പ്രതികളാണ് ഇരുവരും.ഇക്കഴിഞ്ഞ വെള്ളിയാഴ്ച പുലര്‍ച്ചെ 2 മണിയോടെ എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷന്റെ സമീപത്തെ ട്രാക്കിനോട് ചേര്‍ന്നുളള റോഡില്‍ പാര്‍ക്ക് ചെയ്തിരുന്ന പള്‍സര്‍ ബൈക്ക് മോഷ്ടിക്കുകയായിരുന്നു.തുടര്‍ന്ന് ബൈക്ക് വര്‍ക്കല നടയറ ഭാഗത്ത് എത്തിച്ചു പൊളിച്ചു വില്‍ക്കാനുള്ള ശ്രമത്തിനിടെയാണ് ഇവര്‍ പൊലീസിന്റെ പിടിയിലാകുന്നത്. മോഷ്ടിച്ച ബൈക്കും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.