കൊല്ലം: ഉളിയക്കോവിലില്‍ സര്‍ക്കാര്‍ മരുന്ന് സംഭരണ ശാലയില്‍ ഉണ്ടായ തീപിടത്തില്‍ എട്ടു കോടി രൂപയുടെ നഷ്ടം.ഇവിടെ സംഭരിച്ചിരുന്ന മരുന്നുകള്‍ പൂര്‍ണമായും കത്തിനശിച്ചു. ഫര്‍ണിച്ചറുകള്‍ക്കും കെട്ടിടത്തിനും നഷ്ടമുണ്ട്. ഇടിമിന്നലേറ്റാണ് തീപിടിത്തം ഉണ്ടായതെന്നാണ് പ്രാഥമിക നിഗമനം. വൈദ്യുതി ഷോര്‍ട്ട് സര്‍ക്യൂട്ടിന് സാധ്യത ഇല്ലെന്നാണ് ഫയര്‍ഫോഴ്സ് അധികൃതര്‍ സൂചിപ്പിക്കുന്നത്.ബുധനാഴ്ച രാത്രി 8.45 നാണ് ഇവിടത്തെ തീപിടിത്തം നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. ജില്ലയില്‍ എല്ലായിടത്തു നിന്നുമുള്ള ഫയര്‍ ഫോഴ്സ് യൂണിറ്റുകള്‍ എത്തി വന്‍ പരിശ്രമം നടത്തിയാണ് ഇന്നലെ പുലര്‍ച്ചെയോടെ തീ നിയന്ത്രണ വിധേയമായത്. എന്നിട്ടും കെട്ടിടത്തില്‍ നിന്ന് പുക വമിക്കുന്നുണ്ടായിരുന്നു. പരിസരത്ത് ചൂടും അസഹ്യമായിരുന്നു.സ്റ്റീല്‍ അലമാരകളും റാക്കുകളും വെന്തുരുകിയെങ്കിലും പിന്നീടും നീറിക്കൊണ്ടിരുന്നു. ചില മരുന്നുകളും സമാനമായ അവസ്ഥയിലായിരുന്നു എന്ന് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയ കൊല്ലത്തെ ഫയര്‍ഫോഴ്സ് അധികൃതര്‍ പറഞ്ഞു.