അഞ്ചല്‍: സംസ്ഥാനത്ത് കാട്ടുപോത്തിന്‍റെ ആക്രമണത്തില്‍ മൂന്നുപേര്‍ക്ക് ദാരുണ മരണം. എരുമേലി കണമല മേഖലയില്‍ രണ്ടുപേരും കൊല്ലം അഞ്ചല്‍ ഇടമുളയ്ക്കലില്‍ ഒരാളും കാട്ടുപോത്തിന്‍റെ മിന്നല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു.കണമല പമ്പാവാലി മേഖലയില്‍ ഇന്നലെ പുലര്‍ച്ചെ അപ്രതീക്ഷിതമായാണ് കാട്ടുപോത്തിന്‍റെ ആക്രമണമുണ്ടായത്. റബര്‍ തോട്ടത്തില്‍ മരങ്ങള്‍ ടാപ്പ് ചെയ്തുകൊണ്ടിരുന്ന കണമല പുറത്തേല്‍ ചാക്കോച്ചന്‍ (65), വീടിന്‍റെ പൂമുഖത്ത് കാപ്പി കുടിച്ചുകൊണ്ടിരുന്ന പ്ലാവനാക്കുഴിയില്‍ പുന്നത്തറ തോമസ് (60), കൊല്ലം അഞ്ചല്‍ ഇടമുളയ്ക്കല്‍ കൊടിഞ്ഞല്‍ മാക്കുളം തെക്കേവിള വീട്ടില്‍ രാജന്‍ എന്നു വിളിക്കുന്ന വര്‍ഗീസ് (58) എന്നിവരാണ് കാട്ടു പോത്തിന്‍റെ ആക്രമണങ്ങളില്‍ മരിച്ചത്.വയറിലും മറ്റു ശരീരഭാഗങ്ങളിലും കുത്തേറ്റ് ഗുരുതര നിലയില്‍ പരിക്കുകളോടെ ആശുപത്രിയിലെത്തിക്കുന്നതിനിടെ ചാക്കോച്ചന്‍ മരിച്ചു. പോത്തിന്‍റെ ആക്രമണത്തില്‍ കാല്‍ ഒടിഞ്ഞു തൂങ്ങിയ നിലയിലും വയറില്‍ ഗുരുതര പരിക്കുകളുമായി വീണുകിടന്ന തോമസിനെ ആംബുലന്‍സ് എത്തിച്ച് ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചു.
ഇന്നലെ രാവിലെ 7.45നു കണമലഇറക്കത്തിലെ അട്ടിവളവിനുസമീപത്തെ പുരയിടത്തിലാണ് സംഭവം. നാട്ടുകാരായ പതിപ്പള്ളില്‍ ജോര്‍ജ്കുട്ടി, പിക്ക് അപ് വാന്‍ ഡ്രൈവര്‍ ഓലിക്കല്‍ റെജി എന്നിവര്‍ കാട്ടുപോത്തിനെ കണ്ട് ഓടി രക്ഷപ്പെട്ടു. ഓട്ടത്തിനിടെ വീണ് റെജിക്കു പരിക്കേറ്റു.തോമസിന്‍റെ മൃതദേഹം ഇന്ന് ഉച്ചയ്ക്കുശേഷം കണമല സെന്‍റ് തോമസ് പള്ളി സെമിത്തേരിയില്‍ സംസ്‌കരിക്കും.