തൃപ്പൂണിത്തുറ: ഉദയംപേരൂരില്‍ വിവാഹത്തോടനുബന്ധിച്ച് നടത്തിയ സല്‍ക്കാരത്തില്‍ പങ്കെടുത്ത് ഭക്ഷ്യവിഷബാധയേറ്റ് ആശുപത്രിയില്‍ ചികിത്സ തേടിയവര്‍ 72 ആയി.ചികിത്സ തേടിയ ആര്‍ക്കും കാര്യമായ ആരോഗ്യപ്രശ്നങ്ങളില്ല. വയറിളക്കം, ഛര്‍ദി, പനി തുടങ്ങിയവയാണ് ലക്ഷണങ്ങള്‍ കണ്ടത്. കൂടുതല്‍പേരും പ്രാഥമികചികിത്സ തേടി മടങ്ങി. നാലുപേരാണ് കിടത്തി ചികിത്സയിലുള്ളത്.ഉദയംപേരൂര്‍ മാളേകാട്ട് വിവാഹത്തോടനുബന്ധിച്ച് വരന്റെ വീട്ടില്‍ ശനി രാത്രി നടന്ന സല്‍ക്കാരങ്ങളില്‍ പങ്കെടുത്തവര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ഞായര്‍ രാവിലെമുതല്‍ വയറുവേദനയുമായി ആളുകള്‍ എത്തിയിരുന്നു. വൈകിട്ടോടെ ചികിത്സതേടിയവരുടെ എണ്ണം വര്‍ധിക്കുകയായിരുന്നു. സദ്യ നടന്നവീട്ടില്‍ മീൻകറിയില്‍നിന്നാണ് ഭക്ഷ്യവിഷബാധയെന്ന് കരുതുന്നു.