കണ്ണൂര്‍ : കണ്ണൂരിലെ ഇരിട്ടിയില്‍ പട്ടാപ്പകല്‍ വീട് കുത്തിതുറന്നു കവര്‍ച്ച. 20 പവനും, 22,000 രൂപയും മോഷ്ടിച്ചു.കവര്‍ച്ചാ സംഘത്തെ തിരിച്ചറിയാതിരിക്കാൻ സിസിടിവിയുടെ ഡിവിആറും സംഘം കവര്‍ന്നു. ഉളിക്കല്‍ കല്ലുവയല്‍ ബെന്നി ജോസഫിന്റെ വീട്ടിലായിരുന്നു മോഷണം. ഇന്ന് രാവിലെ ബെന്നി ജോസഫും കുടുംബവും പള്ളിയില്‍ പോയി തിരിച്ചെത്തിയപ്പോള്‍ ആണ് കവര്‍ച്ച നടന്ന വിവരം അറിഞ്ഞത്. വീടിന്റെ മുൻവശത്തെ കതകുകള്‍ തുറന്നിട്ട നിലയിലായിരുന്നു. അകത്ത് കയറി നോക്കിയപ്പോഴാണ് രണ്ട് മുറികളിലെയും അലമാരകള്‍ കുത്തി തുറന്നത് കാണുന്നത്. അലമാരയില്‍ ഉണ്ടായിരുന്ന ആഭരണവും പണവും ആണ് നഷ്ടമായത്.വീട്ടില്‍ സിസിടിവി ഉണ്ടായിരുന്നെങ്കിലും നോക്കുമ്പോള്‍ ഡിവിആറും മോഷ്ടാവ് കൊണ്ടുപോയി. പുറകുവശത്തെ ക്യാമറ തകര്‍ത്ത നിലയിലുമാണ്. ഉടൻതന്നെ പോലീസില്‍ വിവരമറിക്കുകയും ഇരിക്കൂര്‍ പ്രിൻസിപ്പല്‍ എസ് ഐ ദിനേശൻ കൊതേരിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. 20 പവനും ഇരുപത്തിരണ്ടായിരത്തോളം രൂപയും നഷ്ടപ്പെട്ടതായി ബെന്നി ജോസഫ് പറഞ്ഞു. പോലീസ് കേസ് എടുത്ത് അന്വേഷണം ഊര്‍ജ്ജിതമാക്കി.